- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ്; വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും സഹായമാകുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ പടർന്ന കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് കണ്ടെത്തി. സാംപിൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.വയനാട്ടിൽ വെച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞത്.
മരുതോങ്കരയിൽ നിന്ന് ശേഖരിച്ച 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പ്രത്യേക ഇനം വവ്വാലുകളിൽ അപൂർവ്വമായി കണ്ടുവരുന്ന നിപ വൈറസിന്റെ വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് സംബന്ധിച്ച് ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. നിലവിൽ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇത് വലിയ സഹായമാവും.
മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ് സംസ്ഥാനത്തു കണ്ടുവന്നത്. ഇത്തവണയും വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ ഇതേ തരത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരിൽ 70 ശതമാനം മുതൽ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാൽ ഇത്തവണ രോഗബാധ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടു പേരാണ് മരണപ്പെട്ടത്. മരണനിരക്ക് 33.3 ശതമാനമായി കുറയ്ക്കാൻ സാധിച്ചിരുന്നു.




