- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂരിൽ നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് സച്ചിന്റെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി; അതീവഗുരുതരമായ പീഡനം നടന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർതൃവീട്ടിന്റെ ഒന്നാം നിലയിൽ പ്രണയിച്ചുവിവാഹിതയായ നവവധു ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവിന്റെ ജാമ്യാപേക്ഷ മേഘ അതീവഗുരുതരമായ മാനസിക, ശാരീരിക പീഡനം ഏൽക്കേണ്ടിവന്നുവെന്ന പ്രൊസിക്യൂഷൻ വാദം പരിഗണിച്ചു തലശേരി ജില്ലാസെഷൻസ് കോടതി തള്ളി.
പിണറായി പടന്നക്കരയിലെ ഐ.ടി പ്രൊഫഷനലായ യുവതി കതിരൂർ നാലാം മൈലിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവിന്റെ ജാമ്യാപേക്ഷയാണ് തലശേരി കോടതി തള്ളിയത്. ആത്മഹത്യാ പ്രേരണകുറ്റത്തിന് റിമാൻഡിലായ ഭർത്താവ് കതിരൂർ നാലാം മൈൽ മാധവി നിലയത്തിൽ സച്ചിന്റെ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാസെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയത്.
നവവധുവായ മേഘയ്ക്കെതിരെ നടന്ന ഗാർഹിക പീഡനത്തിന്റെ തെളിവുകൾ നിരത്തി പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ നടത്തിയ വാദത്തിനൊടുവിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.കോളിളക്കം സൃഷ്ടിച്ച മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു പിതാവ് പിണറായി പടന്നക്കര സ്വദേശി മനോഹരൻ അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് കേസ് അന്വേഷണം കതിരൂർ പൊലിസിൽ നിന്നും കണ്ണൂർ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. കോഴിക്കോട്ടെ ഐ.ടി പ്രൊഫഷനലായ മേഘയെ പ്രണയവിവാഹത്തിനു ശേഷം ഭർത്താവ് സച്ചിൻ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
പൊലിസ് അന്വേഷണത്തിൽ സച്ചിൻ മേഘയെ അതിക്രൂരമായി മർദ്ദിച്ചതായി തെളിഞ്ഞിരുന്നു. സംഭവദിവസം കണ്ണൂരിലെ ഭർതൃബന്ധുവിന്റെകുഞ്ഞിന്റെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞു പതിനൊന്നു മണിയോടെ മേഘയും സച്ചിനും കതിരൂരിലെ മാധവിനിലയമെന്ന ഭർതൃവീട്ടിലെത്തുകയും ഇതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സച്ചിൻ മർദ്ദിച്ചതായും പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിന്റെ ഒന്നാം നിലയിലെ ബെഡ്റൂമിലെ ജനലിൽ ഷാൾ കൊണ്ടു കെട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്.
പ്രതിയായ സച്ചിനും മരണമടഞ്ഞ മേഘയും തമ്മിൽ പ്രണയവിവാഹിതരായിരുന്നു. കതിരൂർനാലാംമൈലിലെ ജിംനേഷ്യം ഇൻസ്ട്രക്റായ സച്ചിനെ മേഘ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെടുകയും പിന്നീട്പ്രണയത്തിലാവുകയുമായിരുന്നു. മേഘയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും മകളുടെ താൽപര്യം മുൻനിർത്തി വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നാണ് മേഘയുടെ പിതാവ് പിണറായി പടന്നക്കരയിലെ മനോഹരൻ പൊലിസിന് നൽകിയ മൊഴി.
സംശയരോഗത്തെ തുടർന്ന് സച്ചിൻ വിവാഹത്തിനു ശേഷം മേഘയെ നിരന്തരം ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നാണ് ബന്ധുക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.മേഘയുടെ ദുരൂഹമരണത്തിൽ പൊലിസ് ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തതിനെ തുടർന്ന് സച്ചിൻ ഒളിവിൽ പോവുകയായിരുന്നു. ഇതിനു ശേഷം ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പൊലിസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് ഇയാൾ കതിരൂർ പൊലിസിൽ കീഴടങ്ങിയത്.




