- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനയാത്രാ സംഘത്തെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു; ടൂറിസ്റ്റ് ബസ് തല്ലിത്തകർത്തു; വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്ക്: രണ്ടു പേരുടെ നില ഗുരുതരം
കൂറ്റനാട്: പഠനയാത്ര കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥി സംഘത്തെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ മർദിക്കുകയും അവർ യാത്ര ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് തല്ലിത്തകർക്കുകയും ചെയ്തു. ആറങ്ങോട്ടുകരയിലാണ് സംഭവം. ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം പത്ത് പേർക്കു പരുക്കേറ്റു. തലയ്ക്കും കയ്യിനും പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ആറിന് ആറങ്ങോട്ടുകര കേരള ഗ്രാമീണ ബാങ്കിനു സമീപമാണു സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ധ്യാപകനായ ആറങ്ങോട്ടുകര കുന്നുംപുറത്ത് സുബൈർ (36), വിദ്യാർത്ഥികളായ തിരുനാവായ പുഴിക്കുന്നത്ത് മുർഷിദ് (20), ആമയൂർ ഒളിയംകുന്നത്ത് മുഹമ്മദ് ഉവൈസ് (20), ചമ്രവട്ടം വടക്കത്ത് പറമ്പിൽ മുഹമ്മദ് ഷബീബ് (19), തിരുനാവായ പറമ്പിൽ ഷക്കീർ (23), ചങ്ങരംകുളം കുന്നത്ത് ആനന്ത് (21), തിരൂർ മാമ്പറ്റ ഫിദ (18), കുറ്റിപ്പുറം പെഴുങ്ങോട് റസീന (19), ചാലിശ്ശേരി പാരിക്കുന്നത്ത് അബ്ദുൽറഹ്‌മാൻ (20), പരപ്പനങ്ങാടി പട്ടണത്ത് മിഹാൽ ഷിവിലി (20) എന്നിവർക്കാണു പരുക്കേറ്റത്.
ബസിലുണ്ടായിരുന്ന വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത് സഹപാഠികളായ ആൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവം നടന്ന ഉടൻ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു ചാലിശ്ശേരി സി ഐ കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്നു ബസിലുള്ളവരോടും നാട്ടുകാരോടും വിവരം ചോദിച്ചറിഞ്ഞ പൊലീസ് രണ്ടു ജീപ്പുകളുടെ സുരക്ഷയിൽ ബസിലുള്ളവരെ ചാലിശ്ശേരി സ്റ്റേഷനിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് ആക്രമണം നേരിട്ട കുറ്റിപ്പുറം കെഎംസിടി ബസിലുണ്ടായിരുന്നവരും നാട്ടുകാരും പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകിട്ട് ആറോടെ നെല്ലിയാമ്പതിയിൽ നിന്ന് ആറങ്ങോട്ടുകരയിലുള്ള കോളജിലെ അദ്ധ്യാപകനായ ആറങ്ങോട്ടുകര സ്വദേശി സുബൈറിനെ ഇറക്കാൻ ബസ് ആറങ്ങോട്ടുകര കേരള ഗ്രാമീണ ബാങ്കിനു സമീപം നിർത്തി.
സുബൈറിന്റെ വീട്ടിലേക്കു പോകാനായി ബസിനകത്തു നിന്ന് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ പുറത്തിറങ്ങി. ഈ സമയം പരിസരത്ത് ഉണ്ടായിരുന്ന രണ്ടു പേർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി. ഇതു ചോദ്യം ചെയ്തപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇവർ ആക്രമിക്കുകയായിരുന്നു. ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ച ശേഷം അവിടെ നിന്നു മടങ്ങിയ അക്രമിസംഘം അൽപനേരത്തിനുള്ളിൽ വടിവാൾ അടങ്ങുന്ന ആയുധങ്ങളുമായി വീണ്ടും എത്തി ആക്രമണം തുടർന്നു. നാട്ടുകാരും പരിസരവാസികളും വിദ്യാർത്ഥികളോടൊപ്പം ആക്രമണം ചെറുക്കാൻ പലവിധത്തിൽ ശ്രമിച്ചുവെങ്കിലും അവരെയും ആക്രമിച്ചു. ടൗണിലെ ആൾക്കൂട്ടത്തിനു നടുവിൽ വച്ചായിരുന്നു ആക്രമണം.



