തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തിനകം തുലാ മഴ പെയ്ത് തുടങ്ങിയേക്കും. ഇക്കുറി മഴ ദുർബലമായിരിക്കുമെന്നാണ് പ്രവചനം. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ രാജ്യത്തുനിന്ന് പൂർണമായും പിന്മാറിക്കഴിഞ്ഞു.

തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ചവരെ തെക്കുകിഴക്കൻ അറബിക്കടലിൽ മോശം കാലാവസ്ഥയ്ക്കും 70 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിലും കാറ്റിന് സാധ്യതയുള്ളതിനാൽ 23 വരെ ഈ മേഖലയിൽ മീൻപിടിത്തത്തിനിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.