തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശിനി റോഡിൽ തലയിടിച്ചുവീണ് മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ വിടവലരു അലവളപാട് സ്വദേശിനി സുങ്കര രാജമ്മ (67) യാണ് മരിച്ചത്. കുഴഞ്ഞുവീണപ്പോൾ റോഡിലെ മാൻഹോളിൽ തലയിടിച്ച് മുറിവുണ്ടായതാണ് മരണകാരണം.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലായിരുന്നു അപകടം. ആന്ധ്രയിൽനിന്ന് എത്തിയ തീർത്ഥാടകസംഘത്തിലുൾപ്പെട്ട ആളായിരുന്നു രാജമ്മ. പുലർച്ചെ കൂടെയുണ്ടായിരുന്നവർക്കൊപ്പം ക്ഷേത്രദർശനത്തിന് പുറപ്പെട്ടതായിരുന്നു ഇവർ. ചിത്തിര തിരുനാൾ പാർക്കിന് എതിർവശത്തെത്തിയപ്പോൾ രാജമ്മ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പൊട്ടലേറ്റു. മുൻപേ പോയ മറ്റുള്ളവർ ഇത് ശ്രദ്ധിച്ചിരുന്നില്ല.

അപകടം കണ്ട ഓട്ടോ ഡ്രൈവർ രാജു ഫോർട്ട് പൊലീസിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊലീസിനെയും വിവരമറിയിച്ചു. ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്നവർ അന്വേഷിച്ചു വന്നപ്പോഴാണ് അപകടത്തെക്കുറിച്ചറിഞ്ഞത്. ഫോർട്ട് പൊലീസ് കേസെടുത്തു.