- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാർളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടുവെക്കാൻ സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. വീട് വെക്കാൻ സ്ഥലത്തിനായി ചാർളി അപേക്ഷ നൽകിയിരുന്നു. എന്നാൽ ചാർളിക്ക് സ്ഥലം നൽകുന്നതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധമുണ്ടായിരുന്നു.
ചാർളിക്ക് വടകരപ്പതി പഞ്ചായത്തിൽ സ്ഥലം പതിച്ച് നൽകുന്ന കാര്യം നേരത്തെ തീരുമാനമായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ പ്രത്യേക അനുമതിയും നൽകിയിരുന്നു. എന്നാൽ, ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വിഷയത്തിൽ എതിർപ്പ് അറിയിച്ചുകൊണ്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിലുണ്ടായ മനോവിഷമത്തിലാണ് ചാർളി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിഷം കഴിച്ചതിന് ശേഷം പഞ്ചായത്ത് ഓഫീസിലേക്ക് കയറിച്ചെന്ന ചാർളിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പ്രസിഡന്റാണ് കാര്യം അന്വേഷിക്കുന്നത്. തുടർന്നാണ് താൻ വിഷം കഴിച്ചകാര്യം ചാർളി വെളിപ്പെടുത്തിയത്. ഉടൻതന്നെ പഞ്ചായത്തിലുള്ളവർ ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വീട് വെക്കാൻ മിച്ചഭൂമിയിൽ നിന്ന് സ്ഥലം നൽകണമെന്നായിരുന്നു ചാർളിയുടെ ആവശ്യം. സ്ഥലം നൽകാൻ നടപടി തുടങ്ങിയിരുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.



