തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി (ബൂത്തുകൾ-25,177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. നിലവിൽ വോട്ടിങ് മെഷീനുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ (എആർഒ) കസ്റ്റഡിയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗൾ അറിയിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡൽ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന (എഫ്എൽസി) പൂർത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എൽസി. എഫ്എൽസി പാസായ ഇവിഎമ്മുകൾ മാത്രമേ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എൽസി നടത്തുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ വെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) അംഗീകൃത എഞ്ചിനീയർമാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ്എൽസിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സഞ്ജയ് കൗൾ പറഞ്ഞു.