കൊച്ചി: ഏറണാകുളം കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിലെത്തി കീഴടങ്ങുമ്പോഴാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്.

പ്രതി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചതോടെ പൊലീസും നാട്ടുകാരും സംഭവ ്‌സഥലത്ത് എത്തി. സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു. ഇവരുടെ മൂന്നുമക്കളും വിദേശത്താണ്. ജോസഫും ലീലയും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി.

ഞായറാഴ്ച വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാൾ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ അടുക്കളയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടും പരിസരവും പൊലീസ് സീൽ ചെയ്തു.