ഇരിട്ടി: ലോറിയിടിച്ച് ജീപ്പ് ഡ്രൈവർ മരിച്ച സംഭവത്തിൽ 28 വർഷത്തിനുശേഷം ലോറിഡ്രൈവറെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിലേക്ക് ജീവനക്കാരെ എത്തിക്കന്ന വാഹനത്തിന്റെ ഡ്രൈവർ ഹുൻസൂർ സ്വദേശി നാഗേഷിനെ (49) ആണ് ഇരിട്ടി ഇൻസ്‌പെക്ടർ പി.കെ. ജിജിഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. ഓഫീസിൽ ആളെ ഇറക്കി തിരിച്ചിറങ്ങുമ്പോൾ കാത്തുനിന്ന പൊലീസ് സംഘം ഇയാളെ പിടിക്കുകയായിരുന്നു.

1996-ൽ കിളിയന്തറയിലായിരുന്നു അപകടം. നാഗേഷ് ഓടിച്ച നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ജീപ്പ് ഡ്രൈവർ മീത്തലെ പുന്നാട് സ്വദേശി പുല്ലാഞ്ഞിയോടൻ ഹൗസിൽ സഹദേവൻ (27) മരിച്ചിരുന്നു. അന്നുതന്നെ ലോറി തിരിച്ചറിഞ്ഞു. പക്ഷേ, ഡ്രൈവറെ കിട്ടിയില്ല. ഇയാളെ അന്വേഷിച്ച് പലതവണ കർണാടകയിലെ വീട്ടിൽ പൊലീസ് ചെന്നു. എന്നാൽ വീട്ടിൽ പോകാതെ 28 വർഷമായി ടാക്സി ഡ്രൈവറായി കർണാടകയുടെ പല ഭാഗത്തായി കഴിയുകകയായിരുന്നു.

സുഹൃത്തിന്റെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നാഗേഷിലേക്ക് എത്തിയത്. പൊലീസ് സംഘം ബെംഗളൂരുവിലെത്തി മറ്റൊരാളെക്കൊണ്ട് കേരളത്തിലേക്ക് ട്രിപ്പ് പോകാൻ ടാക്സി ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാളെ വിളിപ്പിച്ചു. കേരളത്തിലേക്കാണെന്ന് പറഞ്ഞപ്പോൾ തിരക്കുണ്ടെന്നും മറ്റൊരു ടാക്സി അയച്ചുതരാമെന്നും പറഞ്ഞു. അല്പസമയത്തിനുശേഷം ടാക്സിയുമായി ഒരാൾ എത്തി. നാഗേഷിന്റെ മകനാണ് ടാക്സിയുമായി വന്നതെന്ന് മനസ്സിലാക്കിയ പൊലീസ് ചെറിയ വാഹനം മതിയെന്ന് പറഞ്ഞ് പിന്മാറി. നഗേഷ് ഉള്ള സ്ഥലം ഇയാളിൽനിന്ന് മനസ്സിലാക്കിയ പൊലീസ് ഐ.ടി. കമ്പനിക്ക് പുറത്തുവെച്ച് പിടികൂടുകയായിരുന്നു.

കമ്പനി മേധാവിയെ നേരത്തെ വിവരമറിയിച്ചിരുന്നു. പൊലീസ് വേഷംമാറിയാണ് എത്തിയത്. പിടിയിലായതോടെ നിങ്ങൾ വള്ളിത്തോടുള്ള പൊലീസല്ലേ എന്ന ചോദ്യമാണ് നാഗേഷിൽനിന്ന് ഉണ്ടായതെന്ന് അന്വേഷണസംഘം പറഞ്ഞു. ലോറിഡ്രൈവറെ കിട്ടാത്തതിനാൽ സഹദേവന്റെ കുടുംബത്തിന് അപകട ഇൻഷുറൻസ് വഴി ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാര തുകപോലും 28 വർഷമായിട്ടും കിട്ടിയിരുന്നില്ല. നാഗേഷിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു സി. മട്ടന്നൂർ, ഷിഹാബുദ്ദീൻ, പ്രവീൺ ഊരത്തൂർ, നിജേഷ് തില്ലങ്കേരി, ഷൗക്കത്തലി എന്നിവരും ഉണ്ടായിരുന്നു.