വിദ്യാനഗർ: കയർ പൊട്ടിച്ച് ഓടുന്നതിനിടെ കിണറ്റിൽ വീണ പോത്തിനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. വിദ്യാനഗർ മാർജിൻ ഫ്രീഷോപ്പ് ഉടമ പടുവടുക്കം വോയിസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് സമീപത്തെ എൻ.എ. സിദ്ദിഖിന്റെ വീട്ടിൽ കെട്ടിയിട്ട പോത്താണ് കിണറ്റിൽ വീണത്. 50 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ പോത്തിനെ ക്രെയിനുപയോഗിച്ചാണ് കരയ്ക്ക് കയറ്റിയത്.

തിങ്കളാഴ്ച രാവിലെ 9.45-നായിരുന്നു സംഭവം. പത്തുദിവസം മുൻപ് 1.30 ലക്ഷം രൂപ നൽകി വാങ്ങിയതായിരുന്നു ഈ പോത്തിനെ. കയർ പൊട്ടിച്ച് മതിൽ ചാടുന്നതിനിടയിലാണ് മതിലിനോട് ചേർന്നുള്ള തളങ്കര സ്വദേശിയായ റൈസിന്റെ വീട്ടിലെ ആൾമറയുള്ള കണറ്റിൽ വീണത്. പകുതിയോളം വെള്ളമുണ്ടായിരുന്നു. കാസർകോട് അഗ്‌നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ രക്ഷപ്പെടുത്തിയത്.

ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ബി. ഷംനാദ്, കെ.എസ്. സരൻ സുന്ദർ എന്നിവരാണ് കിണറ്റിലിറങ്ങിയത്. അഗ്‌നിരക്ഷാനിലയം ജീവനക്കാരായ എം.ആർ. രജിത്ത്, കെ. ലിനിൻ, കെ.ആർ. അജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു