- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളായണി കിരീടം പാലം ടൂറിസം പദ്ധതിയുടെ നിർമ്മാണം ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട 'സിനി ടൂറിസം പ്രൊജക്ട്- കിരീടം പാലം @ വെള്ളായണി' പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ്. തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണു പദ്ധതി നിർവഹണം നടത്തുന്നത്. ഇവർ ഡിപിആർ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചു. ഇതിന് വകുപ്പ് അംഗീകാരം നൽകി.
സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1.22 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പാലവും പരിസരവും നവീകരിക്കും. ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
1989 ൽ പുറത്തിറങ്ങിയ 'കിരീടം' സിനിമയിൽ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ അതിപ്രശസ്തമായതോടെ ഈ പാലവും ശ്രദ്ധ നേടി. പ്രശസ്ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങൾ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങൾ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം സിനിമാ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ ഫലവത്താകുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങൾക്ക് സിനിമാ ടൂറിസം കരുത്ത് പകരുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.