തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ആശുപത്രിയിലെത്തിയ അഞ്ചാം ക്ലാസുകാരിയെ തെരുവുനായ കൂട്ടം ആക്രമിച്ചു. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണു പെൺകുട്ടി നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ കാലിന്റെ തുടയുടെ മുകളിൽ കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ കുട്ടിയെ പിന്നീട് വിട്ടയച്ചു.

കുടപ്പനക്കുന്ന് സ്വദേശിനിയായ പെൺകുട്ടി 10 വയസ്സിന്റെ കുത്തിവയ്പ് എടുക്കാൻ അമ്മയ്‌ക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്. കുത്തിവയ്പിനു ശേഷം പാർക്കിങ് ഏരിയയ്ക്കു സമീപത്തു കൂടി നടക്കുമ്പോഴാണ് നാലു നായ്ക്കൾ ഓടിയെത്തിയത്. കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. അമ്മയും മറ്റുള്ളവരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിലേക്ക് അയച്ചു.

എന്നാൽ മരുന്നിനോട് അലർജി ഉള്ളതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രതിരോധ കുത്തിവയ്പ് നൽകിയത്. പേരൂർക്കട ജില്ലാ ആശുപത്രിയുടെ ഉള്ളിൽ പോലും നായ്ക്കൾ കൂട്ടമായി ചുറ്റിക്കറങ്ങുന്നുണ്ട്. പരാതി നൽകിയിട്ടും നടപടയില്ലെന്നു നാട്ടുകാർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.