- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഎസ്ഐ.യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം തടവ്
കാസർകോട്: ബേക്കൽ എഎസ്ഐ.യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബാര മീത്തൽ മാങ്ങാട് കൂളിക്കുന്നിലെ കെ.എം. ഹൗസിൽ കെ.എം. അഹമ്മദ് റാഷിദിനെ (31) ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
അഹമ്മദ് റാഷിദ് എഎസ്ഐ.യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്‌തെന്നാണ് കേസ്.
2019 ജനുവരി ഒന്നിന് പുലർച്ചെ മൂന്നിന് കളനാടാണ് സംഭവം നടന്നത്. പൊലീസ് വാഹനം തടഞ്ഞ് എഎസ്ഐ. ജയരാജൻ, ഡ്രൈവർ ഇൽസാദ് എന്നിവരെ കത്തിയും കല്ലും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തുവെന്നാണ് കേസ്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിയുപയോഗിച്ച യുവാക്കൾ പൊതുവിടത്തിൽ രണ്ട് സംഘങ്ങളായി തല്ലുകൂടുന്നുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന പ്രതി പൊലീസിനു നേരേ തിരിഞ്ഞത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്‌പെക്ടറായിരുന്ന വി.കെ. വിശ്വംഭരനാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ ഹാജരായി.