കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്തതിന് യുവതിയെ യുവാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഓമശേരി നടമ്മൽ പൊയിലിലാണ് സംഭവം. യുവാവിന്റെ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി. യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി.

യുവതിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് ഇൻസ്റ്റാഗ്രാം വഴി യുവതി മറുപടി നൽകി. എന്നിട്ടും ആവർത്തിച്ചപ്പോൾ യുവാവിന്റെ വീട്ടിൽ പോയി യുവതി പരാതിപ്പെട്ടു. അതിന്റെ വൈരാഗ്യത്തിൽ മിർഷാദ് വഴിയിൽ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വിവാഹ നിശ്ചയ സമയത്ത് കിട്ടിയ സ്വർണ്ണവും നഷ്ടപ്പെട്ടെന്ന് യുവതി പറയുന്നു. ആക്രമണത്തിൽ യുവതയുടെ കണ്ണിനും തലക്കും പരിക്കുണ്ട്. യുവതിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസ്സെടുത്തു. കേസെടുത്തതോടെ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. മിർഷാദ് ഒളിവിൽ പോയെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.