കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട വന്ദനാ ദാസ് കേസിലെ പതിനൊന്നാം സാക്ഷിയായ പൂയപ്പള്ളി പോലിസ് സ്റ്റേഷന്‍ എസ് ഐയായ ബേബി മോഹന്റെ ചീഫ് വിസ്താരം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ പൂര്‍ത്തിയായി.

സംഭവ ദിവസം രാവിലെ മൂന്നേകാല്‍ മണിയോടെ പ്രതി പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചുവെന്നും തുടര്‍ന്ന് അവിടെ നിന്നും കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ താനുള്‍പ്പെടെയുള്ള പോലിസ് സംഘം, പ്രതിക്ക് മുറിവേറ്റിരുന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് കൊട്ടാരക്കര ഗവ. ആശുപത്രിയിലേക്ക് കൊണ്ടുവന്നതായും സാക്ഷി കോടതിയില്‍ മൊഴി നല്കി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് പ്രതി താനുള്‍പ്പെടെയുള്ളവരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും മൊഴി പറഞ്ഞ സാക്ഷി, പ്രതിയെയും ആക്രമിക്കുവാന്‍ ഉപയോഗിച്ച കത്രികയും, പ്രതിയുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു.

സംഭവ സമയത്തെ ഹോസ്പിറ്റലിലെ സി സി ടി വി ദൃശ്യങ്ങളും പ്രതിയുടെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളും പരിശോധിച്ച ഫോറന്‍സിക് വിദഗ്ദ്ധയെ വെള്ളിയാഴ്ച വിസ്തരിക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.