ആലപ്പുഴ: ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സർവീസ് റോഡ് ഉൾപ്പെടെ 8 വരിയായി വികസിപ്പിക്കുന്നതിനുള്ള ജോലികൾ അതിവേഗം പുരോഗമിക്കുന്നു. 4 മാസത്തിനകം സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകും. ഇതോടെ വാഹനങ്ങൾ അതുവഴി തിരിച്ചുവിട്ടു പ്രധാന പാതയുടെ നിർമ്മാണം തുടങ്ങും.

പാതയിൽ പാലങ്ങളുടെ നിർമ്മാണം തുടങ്ങി. നീണ്ടകര പാലത്തിന്റെ ഇരുവശത്തുമായി രണ്ടു പാലങ്ങളാണു നിർമ്മിക്കുന്നത്. രണ്ടുപാലങ്ങളുടെയും പൈലിങ് ആരംഭിച്ചു. കിഴക്കു വശത്തുള്ള പാലത്തിന്റെ തൂണുകളുടെ നിർമ്മാണം തുടങ്ങി. റോഡ് വികസനം പൂർത്തിയാകുന്നതോടെ നിലവിലുള്ള പാലത്തിൽ ഗതാഗതം നിരോധിക്കും. ഇത്തിക്കരയിൽ നിലവിലുള്ള പാലത്തിന്റെ തെക്കുവശത്താണു പുതിയ പാലം. ഇതിന്റെ പൈലിങ് ആരംഭിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു. കരുനാഗപ്പള്ളി കന്നേറ്റി, ചവറ എന്നിവിടങ്ങളിലും 2 പാലങ്ങൾ വീതം നിർമ്മിക്കും. ബൈപാസ് റോഡിൽ മങ്ങാട് പാലത്തിനു സമാന്തരമായി പുതിയ പാലത്തിന്റെ പൈലിങ്ങിനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു.

സർവീസ് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കുരീപ്പുഴയിലും സമാന്തര പാലങ്ങൾ നിർമ്മിക്കും. കലുങ്കുകൾ, ഓട എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. പാത വികസനത്തിനു ജില്ലയിൽ 0.28 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള 3 എ വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത ഘട്ടമായി 3 ഡി വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. കരുനാഗപ്പള്ളി, കാവനാട് ആൽത്തറമൂടിനു സമീപം എന്നിവിടങ്ങളിലാണു ഭൂമി ഏറ്റെടുക്കുന്നത്. പാത വികസനത്തിന് ആവശ്യമായ 45 മീറ്റർ ഇല്ലാതിരിക്കുന്ന ഭാഗങ്ങളിലാണ് വസ്തു ഏറ്റെടുക്കുന്നത്.

ജില്ലയിൽ രണ്ടു മേഖലകളായി തിരിച്ചാണു റോഡ് നിർമ്മാണത്തിനു കരാർ നൽകിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ കൊറ്റുകുളങ്ങര മുതൽ കാവനാട് ആൽത്തറ മൂട് വരെയുള്ള നിർമ്മാണത്തിനായി കരാർ തുക 1580 കോടി രൂപയാണ് വകയിരുത്തയിരിക്കുന്നത് കാവനാട് ആൽത്തറ മൂട് മുതൽ പാരിപ്പള്ളി കടമ്പാട്ടു കോണം വരെ വിശ്വസമുദ്ര ആന്ധ്രപ്രദേശ്, ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനി ഹരിയാന എന്നീ കമ്പനികൾക്കാണ് കരാർ.

അതേസമയം ദേശീയപാത 66 നിർമ്മാണത്തിനായി ഇടപ്പള്ളി, മൂത്തകുന്നം മേഖലയിൽ ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിർമ്മാണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളും മരങ്ങളും നീക്കുന്ന പ്രവൃത്തികൾ 80 ശതമാനത്തോളം പൂർത്തിയായി. ദീപാവലിക്കുശേഷം കൂടുതൽ ജീവനക്കാർ എത്തുന്നതോടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങും. മൂന്നുവർഷമാണ് കരാർ കാലാവധി. 2025ൽ റോഡുപണി പൂർത്തിയാക്കേണ്ടതിനാൽ ഒരേസമയം വിവിധ സ്ഥലങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കും. റോഡിന്റെയും പാലങ്ങളുടെയും നിർമ്മാണം ഒരുമിച്ചുനടത്തുന്ന തരത്തിലാണ് ക്രമീകരണം.

ആറ് പ്രധാന പാലങ്ങൾ ഓറിയന്റൽ കമ്പനി നിർമ്മിക്കും. വരാപ്പുഴ, ചെറിയപ്പിള്ളി, കോട്ടപ്പുറം പാലങ്ങളും ഇടപ്പള്ളിയിലെ മേൽപ്പാലവും കൊടുങ്ങല്ലൂർ മേഖലയിലെ രണ്ട് പാലങ്ങളും ഇതിൽ ഉൾപ്പെടും. ഒട്ടേറെ ചെറിയ പാലങ്ങൾ വേറെയുമുണ്ട്. പാലങ്ങൾ നിർമ്മിക്കുന്ന ഭാഗങ്ങളിൽ മണ്ണുപരിശോധന നടന്നുവരികയാണ്. കൊടുങ്ങല്ലൂർമുതൽ വഴിക്കുളങ്ങരവരെ നിലവിലുള്ള റോഡിന് ബൈപാസായാണ് ദേശീയപാത നിർമ്മിക്കുന്നത്. വഴിക്കുളങ്ങരയിൽ നിലവിലെ ദേശീയപാതയുമായി പുതിയ റോഡിനെ ബന്ധിപ്പിക്കും. ഒട്ടേറെ സർവീസ് റോഡുകൾ ഇതിനിടയിൽ ഉണ്ടാകും. താഴ്ന്ന പലസ്ഥലങ്ങളും മണ്ണിട്ട് ഉയർത്തിയാണ് നിർമ്മാണം. ഓവർ ബ്രിഡ്ജുകൾ വരുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അണ്ടർപാസ് ഉണ്ടാകും.