തിരുവനന്തപുരം: നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവർത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും ഒഴിവാക്കി സർക്കാരിന്റെ സ്വന്തം ചാനൽ എന്ന രീതിയിൽ സഭ ടി.വി പ്രവർത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

കത്ത് പൂർണരൂപത്തിൽ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിയമസഭയിലെ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകക്കുണ്ടായിരുന്ന അനുമതി റദ്ദാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. ഇക്കാര്യം കത്ത് മുഖേനയും നിയമസഭയ്ക്കുള്ളിലും നിരവധി തവണ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. ഇക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായില്ലെന്നത് പ്രതിഷേധാർഹമാണ്.

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം പൂർണമായും ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് നൽകിയത്. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റപ്പോൾ മാത്രമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സഭ ടി.വി തയാറായത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പാർലമെന്ററി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയുമാണ്.

ലോക്‌സഭയിൽ 1994 ജൂൺ 22ന് ബഹു സ്പീക്കർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടിക്രമങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 2005 ൽ സംപ്രേഷണം സംബന്ധിച്ച നിർദ്ദേശങ്ങളിൽ ബഹു. സ്പീക്കർ വരുത്തിയ ഭേദഗതി റഫറൻസിനായി ചുവടെ ചേർക്കുന്നു;

ശ) സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവ ഉൾപ്പെടെ സഭയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ പ്രതിഫലനം ആയിരിക്കണം ലോക്‌സഭാ നടപടികളുടെ സംപ്രേഷണം.

ശശ) സഭയിൽ ബഹളമുണ്ടാകുമ്പോൾ ബഹളം നടക്കുന്ന സ്ഥലത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യേണ്ടതാണ്.

ശശശ) അത്തരം സന്ദർഭങ്ങളിൽ സഭയിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഉൾപ്പെടുത്താവുന്നതാണ്.

ഈ ഭേദഗതികൾ കൂടി പരിഗണിച്ചാണ് കേരള നിയമസഭ നടപടിക്രമങ്ങളും മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ നിയമസഭയുടെ സ്വന്തം ടി.വിയെന്ന നിലയിൽ സഭ ടി.വി നിലവിൽ വന്നതോടെ മാധ്യമങ്ങളെ നിയമസഭയിൽ നിന്നും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും ഒഴിവാക്കി സർക്കാരിന്റെ സ്വന്തം ചാനൽ എന്ന രീതിയിൽ സഭ ടി.വി പ്രവർത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ല.

ഫാസിസ്റ്റ് ശൈലിയിലുള്ളതും ജനാധിപത്യ വിരുദ്ധവുമായ മാധ്യമ വിലക്കിലും പാർലമെന്ററി ജനാധിപത്യത്തിന്റെ സർവ സീമയും ലംഘിച്ചുള്ള സഭ ടി.വിയുടെ പ്രവർത്തനത്തിലും അങ്ങയുടെ അടിയന്തിര ഇടപെടൽ ഇനിയെങ്കിലും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു