തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഓഗസ്റ്റ് 7 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിരസിച്ചത്. കീഴാറൂർ കുറ്റിയാണിക്കാട് മണക്കാല സ്വദേശി ജയരാജ് (34) എന്നയാളിന്റെ ജാമ്യഹർജിയാണ് തള്ളിയത്. 2022 ഓഗസ്റ്റ് 6 ന് വൈകിട്ട് 6.30 നാണ് വധശ്രമം നടന്നത്.

വീട്ടിനുള്ളിൽ പ്രവേശിച്ച പ്രതി ഭാര്യയെ ആക്രമിക്കുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയും അറിവോടെയും ഭാര്യയെ തടഞ്ഞു നിർത്തി അസദ്യ വാക്കുകൾ വിളിക്കുകയും കൈയിൽ കരുതിയിരുന്ന സ്റ്റീൽ കത്തി കൊണ്ട് കൊലപ്പെടുത്തണമെന്ന രീതിയി മുതുകിൽ കുത്തുകയും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധമുപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്ത് കഠിന ദേഹോപദ്രവം ഏൽപ്പിച്ചുവെന്നുമാണ് കേസ്.

ആരോപണം ഗൗരവമേറിയതാണ്. വാസ ഗൃഹത്തിനുള്ളിൽ വെച്ച് കൃത്യം ചെയ്തുതുവെന്നാണ് ആരോപണം. പൊലീസ് റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ചതിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ആവലാതിക്കെതിരെ സമാന കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. അപ്രകാരം തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ അന്വേഷണ കാലയളവിൽ അവ തടയേണ്ടതായുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യ ഹർജി തള്ളിയത്.