- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വഴിമുട്ടി; സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ചർച്ച പരാജയം; നിയമ നിർമ്മാണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി; സുപ്രീംകോടതി വിധിയിൽ ഇനി ചർച്ചയില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം
തിരുവനന്തപുരം: ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം പരിഹരിക്കാൻ സർക്കാർ നടത്തിയ ചർച്ച പരാജയം. സുപ്രീംകോടതി വിധിയിൽ ഇനി ചർച്ചയില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു. നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. സഭാതർക്കത്തിൽ ഇനി ചർച്ചയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഓർത്തഡോക്‌സ് പ്രതിനിധികൾ പറഞ്ഞു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ തുടർ ചർച്ചകൾ നടന്നത്.
ഓരോ വിഭാഗവുമായും പ്രത്യേകം ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി വിളിച്ച ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. പുതിയ കേസുകൾ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇരു സഭകളും അംഗീകരിച്ചിരുന്നു.
കോതമംഗലം ഉൾപ്പെടെയുള്ള പള്ളികളിൽ തർക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതി ഭാഗമായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഒരു മാസത്തിനകം പരിഹാരമുണ്ടാക്കാനാണ് ധാരണയായത്.
ഉദ്യോഗസ്ഥ സമിതിയുമായുള്ള ചർച്ചക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി ചർച്ച നടത്തുമെന്നായിരുന്നു ധാരണ. കോടതിവിധിയിലൂടെ ശാശ്വത പരിഹാരം സാധ്യമല്ലെന്ന് യാക്കോബായ സഭ വാദിച്ചിരുന്നു.




