കണ്ണൂർ: നിയമസഭ സ്പീക്കർ ഹൈന്ദവ ആരാധനാ മൂർത്തികൾക്ക് നേരെ നടത്തിയ അധിക്ഷേപം ഹൈന്ദവ വിശ്വാസങ്ങളെ തകർക്കാൻ സിപിഎം നേതൃത്വം നടത്തുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പേരും നടത്തിയ പ്രസ്താവനകൾ ഹൈന്ദവ വിശ്വാസികളോടുള്ള കടുത്ത വെല്ലുവിളിയാണ്.

ഹൈന്ദവ ക്ഷേത്രങ്ങളേയും ദേവീദേവതാ സങ്കൽപ്പങ്ങളേയും തകർക്കുകയെന്ന സിപിഎമ്മിന്റെ ഗൂഢ നീക്കമാണ് ഇരുവരുടേയും പ്രസ്താവനകളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഹൈന്ദവ ദേവ സങ്കൽപ്പത്തെ ആക്ഷേപിച്ച ഷംസീറിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പാർട്ടി സെക്രട്ടറിയുടേത്. മാപ്പ് പറയേണ്ടതില്ലെന്ന നിലപാട് ദൈവ നിന്ദ സിപിഎം നിലപാടാണെന്ന് വ്യക്തമാക്കുന്നു. ഹൈന്ദവ വിശ്വാസികൾക്ക് ശാസ്ത്ര ബോധമില്ലെന്നാണ് ഇരുവരും പറയുന്നത്. വിശ്വാസികളെ ശാസ്ത്ര ബോധം പഠിപ്പിക്കാൻ മാത്രം സിപിഎമ്മും രണ്ട് നേതാക്കളും വളർന്നിട്ടില്ല. മതമേതെന്ന് നോക്കിയാണ് ശാസ്ത്രീയും അശാസ്ത്രീയവും സിപിഎം തീരുമാനിക്കുന്നത്. എല്ലാ മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും പറയാന് ഷംസീർ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഹിന്ദു ദേവതാ സങ്കൽപ്പം മിത്താണെന്നാണ് ഷംസീർ പറഞ്ഞത്. ഇല്ലാത്തതാണ് എന്നാണ് മിത്തു കൊണ്ട് അർത്ഥമാക്കുന്നത്. വിശ്വാസത്തെ, ആരാധന സമ്പ്രദായത്തെ, ക്ഷേത്ര സങ്കൽപ്പത്തെ ഇല്ലാതാക്കുകയെന്ന സിപിഎമ്മിന്റെ വർഷങ്ങളായ ലക്ഷ്യമാണ് ഒരിക്കൽ കൂടി ഷംസീറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ക്ഷേത്ര സങ്കൽപ്പത്തിന്റെ അടിത്തറ തകർക്കുന്നതാണ് ഷംസീറിന്റെ നടപടി. സിപിഎം തിരക്കഥയാണ് ഷംസീറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ലോകത്തിന് വൈമാനിക ശാസ്ത്രവും അർത്ഥ ശാസ്ത്രവും ആയുർവ്വേദവും സംഭാവന ചെയ്ത വലിയ പാരമ്പര്യമുള്ള നാടാണ് ഭാരതവും ഇവിടുത്തെ ഹൈന്ദവ സംസ്‌ക്കാരവും. ആത്മീയതയ്ക്കും ഭൗതീകതയ്ക്കും ഒരു പോലെ പ്രാധാന്യം നൽകിയ ദർശനമാണ് ഭാരതത്തിന്റേത്. ഇത് മനസ്സിലാക്കാൻ തയ്യാറാവണം സിപിഎം നേതൃത്വം.

സിപിഎമ്മിന്റെ ശാസ്ത്ര വിരുദ്ധത കമ്പ്യൂട്ടറടക്കമുള്ളവയുടെ കടന്നു വരവ് സമയത്ത് രാജ്യം കണ്ടതാണ്. അങ്ങനെയുള്ളവരാണ് ഹൈന്ദവ സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കാൻ മുന്നോട്ടു വരുന്നത്.2019ൽ ശബരിമല വിഷയത്തിൽ സിപിഎമ്മിനും കേരള ഭരണകൂടത്തിനും കിട്ടിയതിനേക്കാൾ വലിയ തിരിച്ചടിയാണ് സിപിഎമ്മിനും സംസ്ഥാന ഭരണകൂടത്തിനും ലഭിക്കാൻ പോകുന്നത്. ഹൈന്ദവ വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി വിശ്വാസ സമൂഹത്തോടൊപ്പം നിൽക്കും. ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്തതാണ് ഷംസീർ പറഞ്ഞത്. ഇതാണോ മതേതരത്വവും മത നിരപേക്ഷതയും.

തെറ്റ് തിരുത്താൻ തയ്യാറാവണം. അല്ലെങ്കിൽ കേരളത്തിലെ വിശ്വാസി സമൂഹം തെറ്റുതിരുത്തിക്കാൻ തയ്യാറാവും. കോൺഗ്രസ് ഇത്രയും ദിവസം മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ ഇന്നലെ പ്രതിപക്ഷ നേതാവും തങ്ങളും സിപിഎമ്മിനൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ന് ഹൈനന്ദവ വിശ്വാസങ്ങൾക്കെതിരെ മാത്രമാണ് സിപിഎം തിരിഞ്ഞിരിക്കുന്നതെങ്കിൽ നാളെ എല്ലാ മതങ്ങൾക്ക് നേരേയും ഇവർ രംഗത്തെത്തും. അതിനാൽ എല്ലാ മത വിഭാഗങ്ങളും ഷംസീറിന്റെ നടപടിയ്‌ക്കെതിരെ പ്രതികരിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആർ. സുരേഷ് എന്നിവരും പങ്കെടുത്തു.