കോഴിക്കോട്: രാഹുൽ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 'രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാണ്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നതായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 'രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കും. ഞങ്ങൾ തന്നെ ആ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചിരുന്നു. കെ.സി.വേണുഗോപാലുമായി ഞാൻ തന്നെ ടെലിഫോണിൽ സംസാരിച്ചിരുന്നു.

മത്സരിക്കണമെന്നു പറഞ്ഞിരുന്നു. ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ? രാഷ്ട്രീയ തീരുമാനങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതിൽ അർഥമില്ല" പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ രാഹുലിനെ വിമർശിച്ചു കൊണ്ട് ആനി രാജ രംഗത്തുവന്നിരുന്നു. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നും ആനി രാജ പറഞ്ഞു.

രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാണത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല. ഇതിനായുള്ള ചർച്ചകൾ പാർട്ടി ആഴ്ചകൾക്കു മുന്നേ തുടങ്ങിയിട്ടുണ്ടാകും. തീരുമാനമായിട്ടില്ലെങ്കിലും ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് ചർച്ചയിലുണ്ട് എന്ന് പറയാൻ രാഹുലിന് ധാർമികമായ ബാധ്യതയുണ്ടായിരുന്നുവെന്നും ആനി രാജ ഓർമിപ്പിച്ചു.

രാഹുൽ എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വയനാട്ടിൽ രണ്ടാമതും മത്സരിച്ചത്. സന്ദർഭത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. വയനാട്ടിൽ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു ആനി രാജ.