മലപ്പുറം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന നാക്കുപിഴയാണെന്ന് വിശ്വസിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രതികരിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. സുധാകരന്റെ പരാമർശത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണ്.

ഉചിതമായ തീരുമാനം കോൺഗ്രസ് എടുക്കുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.സുധാകരൻ വിഷയത്തിൽ കോൺഗ്രസ് നൽകിയ മറുപടിയിൽ ലീഗ് സംതൃപ്തരാണെന്ന് പിഎംഎ സലാം വ്യക്തമാക്കി. കെപിസിസി അദ്ധ്യക്ഷനെ മാറ്റാൻ ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുടുംബത്തിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാന്യമായി പരിഹരിക്കുന്നത് സ്വാഭാവികം. യു ഡി എഫിൽ തുടരുക തന്നെ ചെയ്യും. ലീഗിന്റെ പ്രതികരണത്തിൽ ഫലമുണ്ടായി. സുധാകരന്റെ പ്രസ്താവന കേരള സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതങ്ങൾ കോൺഗ്രസിനെ ബോധ്യപ്പെടുത്തുകയാണ് ലീഗ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലായെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ നൽകിയിട്ടുണ്ട്. യുഡിഎഫിൽ നിൽക്കുന്നതുകൊണ്ട് ലീഗിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് എതിർക്കാനുള്ള തീരുമാനം യുഡിഎഫ് ഇതുവരെയും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് കോൺഗ്രസിന്റെ തീരുമാനമായിരിക്കും. കോൺഗ്രസിന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷം മാത്രമെ ഓർഡിനൻസ് വിഷയത്തിൽ ലീഗ് തീരുമാനമെടുക്കൂ. കൂട്ടായ തീരുമാനം എടുക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ

വിലക്കയറ്റത്തിന്റെ കാര്യത്തിൽ അലസമായ സമീപനം സർക്കാർ കാണിക്കുകയാണെന്ന് പിഎംഎ സലാം വിമർശിച്ചു. ഈ വരുന്ന 21 തിങ്കളാഴ്ച സംസ്ഥാനത്തെ് മുഴുവൻ പഞ്ചായത്ത്, മുൻസിപാലിറ്റികൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.