മൂന്നാർ: ജനവാസ കേന്ദ്രത്തിൽ വീണ്ടും പടയപ്പ. മൂന്നാർ കുണ്ടള എസ്റ്റേറ്റിലാണ് ഇന്ന് രാവിലെ പടയപ്പയിറങ്ങിയത്. എസ്റ്റേറ്റിലിറങ്ങിയ ആനയെ നാട്ടുകാർ പ്രകോപിപ്പിച്ചു. ഇതോടെ നാട്ടുകാർക്കുനേരെ കാട്ടാന തിരിഞ്ഞു. എസ്റ്റേറ്റിലെ മണ്ണ് ഉൾപ്പെടെ കുത്തിനീക്കിയശേഷം നാട്ടുകാർക്കുനേരെ തിരിയുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേർ പടയപ്പയെ പ്രകോപിപ്പിച്ചത്.

കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാരുടെ പ്രകോപനത്തെതുടർന്ന് ഏറെ നേരം എസ്റ്റേറ്റിൽ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്. ശാന്തനായി എസ്റ്റേറ്റിലൂടെ കാട്ടിലേക്ക് പോവുകയായിരുന്ന ആനയെ ആളുകൾ ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടയപ്പ പിന്നീട് കാടുകയറി പോയെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസമായി ചെണ്ടുവാര മേഖലയിൽ പടയപ്പയുടെ സാന്നിധ്യമുണ്ടെങ്കിലും ഇന്നലെയാണ് ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി പച്ചക്കറി ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവായതോടെ കാട്ടാനയെ പിടികൂടി ഉൾക്കാട്ടിലേക്ക് അയക്കണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് പടയപ്പ വീണ്ടുമിറങ്ങിയത്.

കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് വനംവകുപ്പ് പറഞ്ഞു. ഇതിനായി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.