തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മദ്രസ അദ്ധ്യാപകനെതിരെ എടക്കാട് പൊലിസ് പോക്സോ കേസെടുത്തു. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്നുകാരിയുടെ പരാതിയിലാണ് മദ്രസാ അദ്ധ്യാപകനായ ഷംസീറിനെതിരെ പൊലിസ് പോക്സോ കേസെടുത്തത്. ഈക്കഴിഞ്ഞ ഒക്ടോബർ 20ന് വൈകുന്നേരം ആറുമണിക്കാണ് സംഭവം.

സ്‌കൂളിൽ നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനവിവരം വ്യക്തമാക്കിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലിസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിനു ശേഷം മദ്രസാ അദ്ധ്യാപകൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.