കോട്ടയം: പൊൻകുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ നരഹത്യാക്കുറ്റം ചുമത്തി.

ഇന്നലെ രാത്രി പൊൻകുന്നം-പാലാ റോഡിൽ കൊപ്രാക്കളത്ത് ആണ് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്.
അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മൂന്നു യുവാക്കളാണ് മരിച്ചത്. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പ് ദിശ തെറ്റി വന്ന് ജീപ്പിൽ ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.