- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ കസ്റ്റഡിയിൽ; പ്രഭാകരന്റ അപകട മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്
പാലക്കാട്: വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ കസ്റ്റഡിയിൽ. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും.
മുതിർന്ന മാധ്യമപ്രവർത്തകനായ ജി. പ്രഭാകരനാണ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒലവക്കോട് പാലത്തിൽവച്ച് പ്രഭാകരൻ സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിപ്പിച്ചശേഷം ഡ്രൈവർ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഡ്രൈവർ ലോറിയുമായി സ്റ്റേഷനിൽ ഹാജരായി. അപകടമുണ്ടായതായി അറിഞ്ഞില്ലെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.
എന്നാൽ ഇത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സമയത്ത് ആ ഭാഗത്ത് വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് സൂചനയുണ്ട്. ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി ജനറലുമാണ് മരിച്ച പ്രഭാകരൻ.
ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെ കൽപ്പാത്തി പുതിയ പാലത്തിൽ സ്‌കൂട്ടർ മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഞായറാഴ്ച നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോകുനതിന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
45 വർഷത്തോളം പാലക്കാട് ഹിന്ദുദിനപത്രത്തിന്റെ റിപ്പോർട്ടറായിരുന്നു. വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യാ പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: നിഷ, നീതു റാണി(ഡൽഹി). മരുമകൻ:പ്രഭു രാമൻ സംസ്‌കാരം തിങ്കളാഴ്ച രാവിലെ.



