- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്ത് വിവാദത്തിൽ തലസ്ഥാനത്ത് കത്തിപ്പടർന്ന് പ്രതിഷേധം; 'കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ' എന്ന മുദ്രാവാക്യം വിളിച്ച് മഹിളാ കോൺഗ്രസിന്റെ സമരം; യുവമോർച്ചാ മാർച്ചിൽ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും അതിശക്തായ പ്രതിഷേധം. മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് ഇന്നും പ്രതിഷേധവുമായി രംഗത്തുവന്നത്. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു.
ഇതോടെ കോർപറേഷൻ റോഡിൽ സംഘർഷമുണ്ടായി. കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ജെ.ബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക് വിളികളുമായി എത്തി. സംഘർഷത്തിനിടെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്ക് പരിക്കേറ്റു . മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിക്ഷത്തിന്റെ തീരുമാനം .
കോർപ്പറേഷനിന് മുന്നിൽ രാവിലെ നടന്ന യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി. ജെ.ബി മേത്തർ എംപിയുടെ നേതൃത്വത്തിലായിരുന്നു മഹിള കോൺഗ്രസിന്റെ പ്രതിഷേധം.'കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ' എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മഹിളാ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം നടത്തിയത്.
അതേസമയം, കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ആര്യാരാജേന്ദ്രന് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹരജിയിലുണ്ട്.
മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും യുവമോർച്ച പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. മേയർ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം.സമരം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ മേയറിന് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.



