തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർക്കെതിരെ പ്രതിഷേധം തുടർന്ന് യു.ഡി.എഫ്.നഗരസഭയ്ക്കത്തും പുറത്തും യു.ഡി.എഫ് കൗൺസിലർമാരുടേയും കോൺഗ്രസ്സ് പ്രവർത്തകരുടേയും നേതൃത്വത്തിൽ സമരം തുടരുകയാണ്.പ്രതിഷേധത്തിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി.നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു.

നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചപ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനും സംസ്ഥാന വ്യാപകമാക്കാനും ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും.ബിജെപി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയർ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

കത്ത് വിവാദത്തിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസിന്റേയും തീരുമാനം.അതേ സമയം തുടർച്ചയായ പ്രതിപക്ഷ സമരം നഗരസഭയിലെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇത് വരെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടില്ല.വിജിലൻസ് അന്വേഷണവും മന്ദഗതിയിലാണ്.ഇതും പ്രതിപക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധത്തിന് ആയുധമാക്കും.