- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ വർഗ്ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു; അസോ.പ്രൊഫ.നിയമനത്തിൽ സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ല; കണ്ണൂർ വിസിയാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി ആർ.ബിന്ദു
തൊടുപുഴ : പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയെന്നും മന്ത്രി പറഞ്ഞു. പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമർശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു.
കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അദ്ധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗ്ഗീസ്.
എഫ്ഡിപി പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്തത് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാൻ കഴിയില്ല. ഡിഎസ്എസ് ചുമതലയും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല. പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല. സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അദ്ധ്യാപന പരിചയം അല്ല. പ്രിയ വർഗീസ് സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ ചുമതല അദ്ധ്യാപനപരിചയമല്ലെന്നും കോടതി ഉത്തരവിൽ പരാമർശിച്ചു
അതേസമയം ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കുകയായിരുന്നു പ്രിയവർഗ്ഗീസ്. കോടതി വിധി മാനിക്കുന്നു, തുടർ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവർ വീട്ടിലേക്ക് മടങ്ങി.




