തിരുവനന്തപുരം: രജനികാന്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കും. രജനികാന്തിന്റെ സിനിമകൾ റിലീസിന്റെ ആദ്യനാളുകളിൽ തന്നെ തീയേറ്ററിൽ പോയി കാണുന്ന പതിവ് പിണറായി വിജയനുണ്ട്. കുടുംബസമേതമാണ് ജയിലർ കണ്ടത്. രജനിയുടെ ആരാധകനാണ് പിണറായി എന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചിരുന്നു. ഈ സാഹചര്യ്ത്തിൽ രജനിയെ വീട്ടിലേക്ക് പിണറായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷ.

ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് എത്തിയത്. നാഗർകോവിൽ സ്വദേശിയായി അഭിനയിക്കുന്നുവെന്നാണ് സൂചന. മലയാളം പറയുന്ന സീനുകളും ഉണ്ട്. സൂപ്പർ സ്റ്റാറിന്റെ 170-ാമത് ചിത്രമായതുകൊണ്ടാണ് തലൈവാ 170 എന്ന് താൽക്കാലികമായി പേരിട്ടത്. യഥാർത്ഥ പേര് പിന്നീട് തീരുമാനിക്കും.ശംഖുംമുഖത്തും വെള്ളായണിയിലുമായി പത്ത് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകും.

ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിയ അദ്ദേഹം ഇന്നലെ അവിടെത്തന്നെ ചെലവഴിച്ചു. വെജിറ്റേറിയൻ ആഹാരമാണ് കഴിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച ദർശനം നടത്തും.ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക്ശേഷം രജനിയും ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.