കോഴിക്കോട്: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ചു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറെ മാറ്റിയാൽ സർവ്വകലാശാലകൾ എകെജി സെന്ററുകളായി മാറും. ഉന്നത വിദ്യാഭ്യാസ മേഖല മാർക്സിസ്റ്റ്‌വൽക്കരിക്കപ്പെടുമെന്നും ചെന്നിത്തല ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതെന്ന് ചോദിച്ച ചെന്നിത്തല ഇടതുപക്ഷ സഹയാത്രികരുടെ കൈകളിലേയ്ക്ക് പൂണമായും സർവ്വകലാശാല ഭരണം മാറുമെന്നും വിമർശിച്ചു.

ഉന്നത വിദ്യാഭ്യസ മേഖല സ്തംഭനാവസ്ഥയിലാണ്. സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി വ്യദ്യാഭ്യാസമേഖലയിൽ സ്തംഭനാവസ്ഥയിലാക്കുകയാണ് സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഗവർണറും മുഖ്യമന്ത്രിയും മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയെ തങ്ങൾ എക്കാലത്തും എതിർത്തിട്ടുണ്ട്.

മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ മാധ്യമങ്ങൾ പ്രതികരിച്ചില്ല. ഗവർണറും മുഖ്യമന്ത്രിയും ഫാസിസ്റ്റ് നിലപാടാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ഇടപെടലാണ് സർവ്വകലാശാല അധഃപതിക്കാൻ കാരണം. ഗവൺറെ മാറ്റിയാൽ സർവ്വകലാശാല അധഃപതിക്കും. വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്തേക്ക് പോകും. തുടർ ഭരണത്തിന്റെ അഹങ്കാരമാണ് ഇപ്പോൾ കാണുന്നതെന്നും ചെന്നിത്തല ആരോപിച്ചു.