- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടുത്തവർക്ക് പകരം പണം വേണമെങ്കിൽ അത് നൽകാം' ; വാഹനാപകടത്തിൽ മരിച്ച അച്ഛന്റെ മോതിരം ആശുപത്രിയിൽ മോഷണം പോയെന്ന് മകന്റെ പരാതി; അറുപതാം പിറന്നാൾ സമ്മാനമായി നൽകിയ മോതിരം അച്ഛന്റെ ഓർമ്മ; തിരികെ നൽകണമെന്ന അപേക്ഷയുമായി മകൻ
പാലക്കാട്:വാഹനാപകടത്തിൽ മരിച്ച അച്ഛന്റെ മോതിരം ആശുപത്രിയിൽ വെച്ച് മോഷണം പോയെന്നും അത് എടുത്തവർ തിരികെ നൽകണമെന്നുമുള്ള അപേക്ഷയുമായി മകൻ.ഷൊർണൂർ സ്വദേശി രാജേഷാണ് അച്ഛന്റെ സ്വർണ മോതിരം ആശുപത്രിയിൽ നിന്നും മോഷണം പോയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ഇതോടൊപ്പം മോതിരം അച്ഛന്റെ ഓർമ്മയാണെന്നും അത് എടുത്തവർ തിരികെ നൽകാൻ തയ്യാറായാൽ പണം നൽകാമെന്നും രാജേഷ് പറയുന്നു.
2022 സെപ്റ്റംബർ 12ന് ഷൊർണൂർ കൊളപ്പുള്ളിയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് രാജേഷിന്റെ അച്ഛൻ രാജന് ഗുരുതരമായി പരിക്കേൽക്കുന്നത്.രാജൻ സഞ്ചരിച്ച ഇരുചക്രവാഹനം ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഉടൻ തന്നെ രാജനെ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു.അപ്പോഴാണ് രാജന്റെ കയ്യിലുണ്ടായാരുന്ന ഒരു പവന്റെ സ്വർണ മോതിരവും പേഴ്‌സും കാണാനില്ലെന്ന കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ രാജന്റെ കയ്യിൽ മോതിരമുള്ളത് വ്യക്തമായി കാണാമെന്നും ആശുപത്രിയിൽ നിന്നാണ് മോതിരം നഷ്ടമായതെന്നുമാണ് മകൻ രാജേഷ് പറയുന്നത്.
രാജന്റെ അറുപതാം പിറന്നാളിന് മക്കൾ നൽകിയതാണ് ഈ മോതിരം.യു എ ഇ യിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മകൻ രാജേഷ് അച്ചന്റെ അപകട മരണമറിഞ്ഞ് നാട്ടിലെത്തിയതാണ്.പിന്നീട് മടങ്ങിയിട്ടില്ല.അച്ഛന്റെ ഓർമയാണ് ആ മോതിരമെന്നും രാജേഷ് പറയുന്നു.മക്കൾ നൽകിയ സമ്മാനമായതിനാൽ രാജനും ഏറെ പ്രിയപ്പെട്ടതായിരുന്നു ആ മോതിരം. അതുകൊണ്ടുതന്നെ ആ സ്വർണ മോതിരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മക്കൾ.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെപ്റ്റംബർ 23ന് മോതിരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.എന്നാൽ ഇതുവരെയും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും ആരാണ് മോതിരമെടുത്തതെന്ന് പറഞ്ഞാൽ അന്വേഷിക്കാമെന്നാണ് പൊലീസ് പറഞ്ഞതെന്നും രാജേഷ് പറയുന്നു.




