തിരുവനന്തപുരം:പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സാങ്കേതികവിദഗ്ധരും കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രധാന റോഡുകളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ റോഡ് നിർമ്മാണത്തിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ വീഴ്‌ച്ചയെന്ന് കണ്ടെത്തൽ.ബി.എം. ആൻഡ് ബി.സി. (ബിറ്റുമിൻ മെക്കാഡം ബിറ്റുമിൻ കോൺക്രീറ്റ്) നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകളിൽ സാങ്കേതികതത്ത്വങ്ങൾ പൂർണമായും അവഗണിച്ചെന്നാണ് പഠനത്തിന്റെ വിലയിരു്ത്തൽ. റോഡ് നിർണ്ണാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ മൂന്നുതരത്തിലുള്ള റോളർ ഉപയോഗിക്കണം എന്നാണ് സാങ്കേതികമായ വശമെന്നിരിക്കെ വർഷങ്ങളായി ഇതെല്ലാം പാടെ അവഗണിച്ചാണ് സംസ്ഥാനത്ത് റോഡുകൾ നിർമ്മിക്കുന്നതെന്നാണ് മന്ത്രിതല സമിതിയുടെ കണ്ടെത്തൽ.റോഡ് പെട്ടെന്നു തന്നെ പൊളിയാനുള്ള കാരണവും ഇത്തരത്തിലെ അശാസ്ത്രീയമായ നിർമ്മാണമാണ്.

സംസ്ഥാനത്തെ റോഡുകളെല്ലാം തന്നെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് നിർമ്മാണത്തിന് അനുമതി നൽകുന്നത്.എന്നാൽ ഇതിൻ പ്രകാരമുള്ള കൃത്യമായ ഗുണനിലവാരം നിർമ്മാണ പ്രവർത്തനങ്ങളിൽ പാലിക്കുന്നില്ലെന്നും ബി.എം. ആൻഡ് ബി.സി. നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്നും മന്ത്രി നേരിട്ട് മനസ്സിലാക്കി.ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിന് ഒരുകിലോമീറ്ററിന് ഒന്നേകാൽ കോടിരൂപയാണ് ചെലവാകുന്നത്.കേരളത്തിൽ മരാമത്ത് വകുപ്പിന്റെ 15,000 കിലോമീറ്റർ റോഡാണ് ഇത്തരം നിലവാരത്തിലുയർത്തുന്നത്. ഇതിൽ 11,000 കിലോമീറ്റർ പണി പൂർത്തിയായതായും വിദഗ്ദ സമിതി വിലയിരുത്തുന്നു.

ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിന് പലഘട്ടങ്ങളാണുള്ളത്.മണ്ണിന്റെ ഗുണംപരിശോധിച്ച് പ്രതലം നേരെയാക്കാൻ ഗ്രാനുലാർ സബ് ബേസ് (ജി.എസ്.ബി.) എന്ന വിദ്യയാണ് ഇതിൽ ആദ്യം നടപ്പാക്കുക.ഇതിന് ഗ്രൈൻഡർ യന്ത്രമാണ് ഉപയോഗിക്കുന്നത്.എന്നാൽ കേരളത്തിൽ ഒരിടത്തും ഗ്രൈൻഡർ ഉപയോഗിക്കാതെയാണ് റോഡുകൾ നിർമ്മിക്കുന്നതെന്നാണ് പരിശോധനാ സംഘത്തിന്റെ കണ്ടെത്തൽ.

ഇതിനുമുകളിൽ പേവർ യന്ത്രത്തിന്റെ സഹായത്താൽ വെറ്റ് മിക്സ് നിരത്തന്നതാണ് രണ്ടാം ഘട്ടം.എന്നാൽ ഇതിനായി പേവറും ചിലയിടത്ത് ഉപയോഗിക്കുന്നില്ല.അതിനു പകരം വൈറ്റ് മിക്‌സ് വെറുതേ നിരത്തുകയാണ് ചെയ്യുന്നത്.റോഡ് ഉയർത്തിയശേഷമാണ് ബിറ്റുമിൻ മെക്കാഡം ചെയ്യുക.അവസാനമാണ് മൂന്നു സെന്റീ മിറ്റർ കനത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നത്.ഇതിന് മൂന്നുതരത്തിലുള്ള റോഡ് റോളർ ഉപയോഗിക്കണമെന്നാണ് ഐ.ആർ.സി. (ഇന്ത്യൻ റോഡ് കോൺഗ്രസ്) കോഡിലെ ചട്ടം. എന്നാൽ ഇതൊന്നും തന്നെ പാലിക്കാതെയാണ് കേരളത്തിലെ നിർമ്മാണം.ചുരുക്കത്തിൽ കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ പേരിൽ മാത്രമാണ് ബി.എം.ബി.സി എന്ന ഉന്നത നിലവാരമെന്നതാണ് സത്യം.

അതേ സമയം ഗുരുതരമായ വീഴ്‌ച്ച നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷവും സംസ്ഥാനത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സാങ്കേതികകാര്യങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കിയുള്ള പ്രവൃത്തികളാവും നടക്കുകയെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.