തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. നവംബർ 17ന് ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിനായി ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പുതിയ സെന്റർ ഉൾപ്പെടെ 13 ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഓൺലൈൻ ബുക്കിങ് ഇല്ലാതെ എത്തുന്നവർക്കായി നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗിന് 10 കൗണ്ടർ പ്രവർത്തിക്കും. ഈ വർഷം എരുമേലി വഴി തീർത്ഥാടനം അനുവദിക്കും.

പുല്ലുമേട് വഴി വരുന്നവർക്കായി കുമളിയിലും വണ്ടിപ്പെരിയാറിലും ബുക്കിങ് കേന്ദ്രങ്ങളുണ്ടാകും. വെർച്വൽ ക്യൂവിൽ ബുക്കു ചെയ്യാതെ എത്തുന്നതിനാൽ ആർക്കും ദർശനാവസരം നിഷേധിക്കില്ല. ദിവസേന 120000 പേർക്ക് ദർശനം നടത്താനായി വെർച്വൽ ക്യൂ വഴി ബുക്കു ചെയ്യാനാകുമെന്നും അനന്തഗോപൻ പറഞ്ഞു.