തൃശ്ശൂർ:വിവാഹമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന നിലപാടിൽനിന്ന് പെൺകുട്ടികൾ ഏറെ മാറിയ കാലത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നതെന്ന് എഴുത്തുകാരി സാറാജോസഫ്.അത്തരത്തിൽ ചിന്തിക്കുന്നവർ ഇന്ന് അധികമില്ല.ലിംഗവിവേചനത്തിന്റെ ഇരുട്ടിനെ പതിയെ മായ്ക്കുമ്പോഴും ജാതിവിവേചനം പോലെയുള്ള ഇരുട്ടുകൾ തിരികെവരുന്നത് കുട്ടികൾ തിരിച്ചറിയണമെന്നും ഇത് പ്രതിരോധിക്കാനുള്ള ശ്രമങ്ങളും വഴികളും കണ്ടെത്തണമെന്നും സാറാ ജോസഫ് പറഞ്ഞു.മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായി തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിൽ 'ഇന്നലെയുടെ നിഴൽ, നാളെയുടെ വെളിച്ചം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം,സമ്പത്തിന്റെ ജനാധിപത്യവത്കരണം തുടങ്ങിയ വെളിച്ചങ്ങൾ ഇന്ത്യയിൽ ഇല്ലാതായിരിക്കുകയാണെന്ന് ഇവയ്ക്കുമേൽ വീണ നിഴലുകളെ മായ്ച്ച് വെളിച്ചം വരുത്തുന്നതിന് ചരിത്രത്തിൽനിന്ന് ശക്തി വലിച്ചെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.വിദേശത്ത് പോകുന്നവർക്ക് തിരിച്ചുവരാനും ഇവിടെയുള്ളവർക്ക് കാലൂന്നിനിൽക്കാനും ഒരു രാജ്യം വേണം.ഇന്ത്യ എന്റെ രാജ്യമാണ്, അത് അന്യാധീനപ്പെടാൻ ഞാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും.വെളിച്ചത്തെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ അനിവാര്യം വായനയാണെന്നും അവർ പറഞ്ഞു.