ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് താൽകാലിക ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ട് മാസത്തേക്കാണ് ജാമ്യം. അന്വേഷണത്തിൽ ഇടപെടരുതെന്ന് കോടതി നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തള്ളിയാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയിൽ നിലപാട് എടുത്തിരുന്നു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസിൽ ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്.

ശിവശങ്കർ ഉന്നതസ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി സത്യവാങ്മൂലത്തിൽ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ വേണമെന്ന ശിവശങ്കറിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ജൂലായ് 19ന് കോടതി ഇ ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. സർക്കാർ ആശുപത്രിയിൽ ശിവശങ്കറിന്റെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്ന് അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചു. എറണാകുളം മെഡിക്കൽ കോളേജിലെ റിപ്പോർട്ടും നിർണ്ണായകമായി. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താമെന്ന വാദം കേന്ദ്രം ഉയർത്തി. എന്നാൽ അത് അംഗീകരിച്ചില്ല. ചികിൽസയ്ക്ക് രണ്ടു മാസത്തെ ജാമ്യം അനുവദിക്കുകയും ചെയ്തു.