- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനം ജനുവരി 25 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
കുസാറ്റ് ദുരന്തം; മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം
കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ കഴിഞ്ഞ വർഷം നവംബർ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.
റിപ്പബ്ലിക് ദിനാഘോഷം; ഗവർണറും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ,
കൊല്ലം - കെ. ബി. ഗണേശ് കുമാർ
പത്തനംതിട്ട - വീണ ജോർജ്
ആലപ്പുഴ - പി. പ്രസാദ്
കോട്ടയം - വി. എൻ. വാസവൻ
ഇടുക്കി - റോഷി അഗസ്റ്റിൻ
എറണാകുളം - കെ. രാജൻ
തൃശ്ശൂർ - കെ. രാധാകൃഷ്ണൻ
പാലക്കാട് - കെ. കൃഷ്ണൻകുട്ടി
മലപ്പുറം - ജി. ആർ. അനിൽ
കോഴിക്കോട് - പി. എ. മുഹമ്മദ് റിയാസ്
വയനാട് - എ. കെ. ശശീന്ദ്രൻ
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർകോട് - വി. അബ്ദുറഹ്മാൻ എന്നിവർ അഭിവാദ്യം സ്വീകരിക്കും.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫീസർ തസ്തിക
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിച്ചു. ബയോളജി - 12, ഡോക്കുമെൻസ് - 10, കെസ്മിട്രി - 6 എന്നിങ്ങനെയാണ് തസ്തികകൾ. ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സുഗമമായ പ്രവർത്തനത്തിനും സമയബന്ധിതമായി ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കുന്നതിനുമാണ് തസ്തികകൾ സൃഷ്ടിച്ചത്.
കേരള കാർഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവർദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കും
ലോക ബാങ്ക് ധനസഹായത്തോടെ കേരള കാർഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവർദ്ധിത ശൃംഖല നവീകരണ പദ്ധതി (ഗഋഞഅ) നടപ്പാക്കാൻ അനുമതി നൽകി. 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കൽ. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.
ചെറുകിട കർഷകർക്കും കാർഷികാധിഷ്ഠിത എം എസ് എം ഇകൾക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താൻ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2024-25 മുതൽ 2028-29 വരെ സാമ്പത്തിക വർഷങ്ങളിലേക്ക് ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തിൽ വകയിരുത്തിയാണ് 709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്.
കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവർദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്ക്കരണം വർദ്ധിപ്പിക്കൽ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, അഗ്രി ബിസിനസ്സ്, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ-കാർഷിക ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ ശാക്തീകരണം, പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കണ്ടിൻജന്റ് എമർജൻസി റെസ്പോൺസ് (സി.ഇ.ആർ.സി) കാലാവസ്ഥാ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങൾ.
എയ്റോസ്പെയ്സ് കൺട്രോൾ സിസ്റ്റംസ് സെന്ററിന് സ്ഥലം ലഭ്യമാക്കാൻ തുക അനുവദിക്കും
എയ്റോസ്പെയ്സ് കൺട്രോൾ സിസ്റ്റംസ് സെന്ററിന് സ്ഥലം ലഭ്യമാക്കാൻ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോർ / സാറ്റലൈറ്റ് പാർക്കുകൾ സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്ന് നീക്കിവെച്ച 1000 കോടി രൂപയിൽ നിന്നാണ് തുക അനുവദിക്കുക. വേളി/ തുമ്പയിൽ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്.
അർബൻ ഡിജിറ്റൽ മിഷൻ പദ്ധതി - കമ്മിറ്റികൾ രൂപീകരിച്ചു
സംസ്ഥാനത്ത് നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ നടപ്പാക്കുന്ന ഇ - ഗവേർണൻസ് സേവനം പൈലറ്റ് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്റേഷൻ കമ്മിറ്റികൾക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിനും അംഗീകാരം നൽകി.
അംഗീകാരം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിന് ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
സാധൂകരിച്ചു
വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ 2016 ജനുവരി ഒന്ന് പ്രാബല്യത്തിൽ പരിഷ്കരിച്ച നടപടി സാധൂകരിച്ചു.
യു വി ജോസ് ശുചിത്വമിഷൻ ഡയറക്ടർ
ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ യു വി ജോസിനെ നിയമിക്കും.
ഇൻക്രിമെന്റ് അനുവദിച്ചു
ധ്യാൻ ചന്ദ് പുരസ്ക്കാരം നേടിയ ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി കെ സി ലേഖയ്ക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ അനുവദിച്ചു.
പാട്ടത്തിന് അനുവദിക്കും
പത്തനംതിട്ട അടൂർ ഏറത്ത് വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമി നെടുംകുന്നുമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് കമ്പോള വിലയുടെ രണ്ട് ശതമാനം തുക വാർഷിക പാട്ടം ഈടാക്കി പത്തനംതിട്ട ടൂറിസം പ്രമോഷൻ കൗൺസിലിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.
തിരുവനന്തപുരം ചെറുവക്കൽ വില്ലേജിൽ ഒരേക്കർ ഭൂമി കേരള സംസ്ഥാന റിമോർട്ട് സെൻസിങ്ങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന് കെട്ടിടവും ക്യാംപസും നിർമ്മിക്കുന്നതിന് പാട്ടത്തിന് അനുവദിക്കാൻ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷന് 200 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കാൻ തീരുമാനിച്ചു.



