പയ്യന്നൂർ: കരിവെള്ളൂരിലും ഓണക്കുന്നിലും പരിസരങ്ങളിലുമായി ഇന്നലെയും ഇന്നുമായി 16 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റവർ കരിവെള്ളൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും വിദഗ്ദ്ധ ചികിത്സ തേടി. ഇന്ന് രാവിലെ തെക്കെ മണക്കാട് പ്രഭാത സവാരിക്കിറങ്ങിയ പിതാവിനും മകനുമാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. പിന്നീട് വീട്ടിൽ പാത്രം കഴുകി കൊണ്ടിരിക്കുന്ന നാരായണന്റെ ഭാര്യ എൻ.കെ പത്മിനി(63)ക്കും സമീപവാസിയായ മനോജിനും കടിയേറ്റു.

പത്മിനിയുടെ കഴുത്തിനാണ് പരുക്കേറ്റത്. തുടർന്ന് എടാട്ട് അൽഫോൻസ സ്‌കൂൾ വിദ്യാർത്ഥിനി വടക്കെ മണക്കാട്ട് അവന്തിക, തെക്കെ മണക്കാട്ടെ കൃഷ്ണൻ ഉണ്ണിത്തിരി, പലിയേരി കൊവ്വലിലെ ടി.വി ജാനകി, തെക്കെമണക്കാട്ടെ പി.വി തമ്പായി എന്നിവരെയും നായ കടിച്ചു പരുക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് പ്രദേശത്ത് നായയുടെ വിളയാട്ടം തുടങ്ങിയത്. തോട്ടിച്ചാലിലെ റിട്ട. അദ്ധ്യാപിക എം ടി വത്സല(60 ) റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ സതീശൻ(60) എ.വി സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി കു്ണിയനിലെ പി.കെ ആദിത്യ(16) മതിരക്കാട്ടെ കെ. ഇന്ദിര(59) ഓണക്കുന്നിലെ എം.വി ലക്ഷ്മി(56) തെരുവിലെ എ.വി പത്മനാഭൻ(57) മണക്കാട്ടെ ശ്രീനിവാസൻ, എ.സനീഷ്(40) എന്നിവരടക്കം എട്ടുപേർക്കാണ് പരുക്കേറ്റത്.

തോട്ടിച്ചാലിലെ കല്യാണിയുടെ പശുവിനും കടിയേറ്റു. തെരുവുനായയെ കണ്ടെത്താനായി നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഒരാഴ്‌ച്ച മുൻപ് കരിവെള്ളൂരിൽ പേപ്പട്ടി നിരവധി പേരെ കടിച്ചു പരുക്കേപ്പിച്ചിരുന്നു. പിറ്റേ ദിവസം പയ്യന്നൂരിലും നിരവധിയാളുകൾക്ക് പട്ടിയുടെ കടിയേറ്റു. പയ്യന്നൂരിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്കാണ് അന്ന് കടിയേറ്റത്. ഇന്നലെയും ഇന്നുമായുണ്ടായ തെരുവുനായയുടെ വിളയാട്ടത്തിൽ ജനങ്ങൾ ഭീതിയിലാണ്.