- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സൂക്ഷ്മ ന്യൂനപക്ഷങ്ങളെപ്പറ്റി സർവേ; ആറ് പാഴ്സി കുടുംബങ്ങൾ, 350 സിഖുകാർ; ബുദ്ധ,ജൈന അനുയായികളുടെ പ്രാതിനിത്യവും; പ്രത്യേക സംവരണം അനുവദിക്കുന്ന കാര്യം പരിശോധിക്കും
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ സൂക്ഷ്മ (മൈക്രോ) ന്യൂനപക്ഷങ്ങളെപ്പറ്റി നടത്തിയ കണക്കെടുപ്പിൽ പുറത്ത് വരുന്നത് കൗതുകവിവരങ്ങൾ. മൈക്രോ ന്യൂനപക്ഷങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വിപുലമായ സർവേ നടത്തിയത്. സംസ്ഥാന മീഡിയ അക്കാദമിയാണ് കമീഷനുവേണ്ടി വിവരങ്ങൾ ശേഖരിച്ചത്. റിപ്പോർട്ട് കമീഷൻ സർക്കാറിന് കൈമാറി. കണക്കുകളുടെ ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും. പ്രത്യേക സംവരണത്തെക്കുറിച്ചുള്ള കാര്യങ്ങളും ആലോചനയിലുണ്ട്.
ഇവരുടെ ചരിത്രശേഷിപ്പുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തനിമയോടെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും പ്രത്യേക സംവരണം അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തതായി ചെയർമാൻ അഡ്വ.എ.എ. റഷീദ് പറഞ്ഞു.
സംസ്ഥാനത്ത് 6 പാഴ്സി കുടുംബങ്ങളാണ് നിലവിലുള്ളത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ രണ്ട് വീതം പാഴ്സി കുടുംബങ്ങലുണ്ട്. 350 സിഖ് വംശജരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്. 3000 ജൈനമത സമുദായ അംഗങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് പുറത്ത് വരുന്ന കണക്ക്. ഇതിൽ വയനാട് ആണ് ഏറ്റവും കൂടുതൽ പേരുള്ളത്. അതെ സമയം 4000 ബുദ്ധ മത വിശ്വാസികൾ സംസ്ഥാനത്തുണ്ട്. വിവിധ ജില്ലകളിൽ ഇവരുടെ പ്രാതിനിത്യമുണ്ട്. മറ്റ് മതങ്ങളിൽ നിന്നും ബുദ്ധ മതം സ്വീകരിച്ചവരാണ് കൂടുതലും.
പ്രബല ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിലവിൽ ആനുകൂല്യ വിതരണം. ഇതിലേക്ക് മൈക്രോ ന്യൂനപക്ഷങ്ങളെകൂടി എത്തിക്കാൻ കണക്കെടുപ്പിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ കമീഷൻ സെമിനാർ സംഘടിപ്പിച്ചിരുന്നു.




