തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ കാറിൽ ചാരി നിന്നതിന് രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരെ ചവുട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ലോക്കൽപൊലിസിനെ തിരെ നടപടിക്ക് സാധ്യത. തലശേരി സ്റ്റേഷൻ പൊലീസ് ഓഫിസർ ഉൾപെടെയുള്ളവർക്ക് കേസ് അന്വേഷണത്തിൽ വീഴ്‌ച്ച സംഭവിച്ചതായാണ് വിലയിരുത്തൽ.

സംഭവ ദിവസം രാത്രി പതിനൊന്നു മണിയോടെ കസ്റ്റഡിയിലെടുത്ത പൊന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ (20) അറസ്റ്റു രേഖപ്പെടുത്താതെ വിട്ടയച്ചത് ഗുരുതര വീഴ്‌ച്ചയാണെന്ന് തലശേരി എ.സി.പി. നിഥിൻ രാജ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത് പൊലിസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിന് കാരണമായി. കണ്ണൂർ റൂറൽ എസ്‌പി പി.ബി രാജീവിന് എ.എസ്‌പി നൽകിയ റിപ്പോർട്ട് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർക്ക് കൈമാറി.

ഇതിനിടെ തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു മുഴപ്പിലങ്ങാട് സ്വദേശി മഹ്‌മൂദിനെയാണ് തലശേരി ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ഈയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരെ ചവുട്ടിപരുക്കേൽപ്പിച്ച സംഭവത്തെ കുറിച്ചു അന്വേഷിക്കുന്നതിനായി ഇന്ന് കുട്ടി ചികിത്സയിലുള്ള തലശേരി ജനറൽ ആശുപത്രിയിൽ ബാലവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ്കുമാർ ഇന്ന് സന്ദർശിച്ചു. . ഇതിനു ശേഷം തലശേരി പബ്ളിക് പ്രൊസിക്യൂട്ടറുമായി ചേമ്പറിൽ കൂടിക്കാഴ്‌ച്ച നടത്തി.. സംഭവത്തിൽ ബാലവകാശകമ്മിഷൻസ്വമേധയാ കേസെടുത്തിരുന്നു.