കണ്ണൂർ:കാറിൽ ചാരിനിന്നതിന് ആറ് വയസുള്ള രാജസ്ഥാനി ബാലനെ ചവിട്ടി മാറ്റിയ കേസിൽ പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്‌ച്ചയെന്ന് റൂറൽ എസ്‌പി യുടെ അന്വേഷണ റിപ്പോർട്ട്.കമ്മീഷണറുടെ ചുമതല വഹിക്കുന്ന റൂറൽ എസ്‌പി രാജീവ് പി.ബിയാണ് സംവത്തിൽ തലശ്ശേരി പൊലീസിന് വീഴ്‌ച്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിട്ടയച്ചതിലാണ് പൊലീസിന് വീഴ്ചയുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തലശ്ശേരി സിഐ എം. അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും വീഴ്ച പറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.മർദനമേറ്റ സ്ഥലത്ത് പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തിരുന്നു.പ്രതിയായ മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഷിഹാദ് കുട്ടിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ കൂടി പുറത്തു വന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. സംഭവദിവസം രാത്രി കസ്റ്റഡിയിൽ എടുത്ത പ്രതിയെ ആദ്യഘട്ടത്തിൽ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ചവിട്ടേറ്റ കുട്ടി, മാതാപിതാക്കൾ എന്നിവർക്കു പുറമേ, ദൃക്‌സാക്ഷികളായ 2 പേരിൽ നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണു കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

കാറിൽ ചാരി നിന്ന കുട്ടിയെ 20കാരനായ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത പൊലീസ് ഉടൻ തന്നെ വിട്ടയച്ചുവെന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

തുടർന്ന് സംഭവം ചർച്ചയായതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. എന്തുകൊണ്ട് പ്രതിയെ ആദ്യം വിട്ടയച്ചുവെന്ന ചോദ്യത്തിനും പൊലീസ് വിശദീകരണം നൽകിയില്ല. ഇക്കാര്യം തലശേരി എംഎൽഎ ആയ എംഎൻ ഷംസീറിനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രകോപിതനായതും വിമർശിക്കപ്പെട്ടിരുന്നു.