തിരുവനന്തപുരം:സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേയുടെ നിർദ്ദേശം.തിരുവനന്തപുരം-മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നതു സംബന്ധിച്ചാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ എന്നത് 110 കിലോമീറ്റർ ആയും കായംകുളം-തുറവൂർ പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും തുറവൂർ-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ പാതയിൽ വേഗം മണിക്കൂറിൽ 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ ഉയർത്തും.

വേഗത കൂട്ടുന്നതിന്റെ അടുത്ത ഘട്ടമായി മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായും വേഗം ഉയർത്തും.ഇതിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് റെയിൽവേ അറിയിച്ചു.