കൊല്ലം: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലെ കൈയാങ്കളി ദൃശ്യങ്ങൾ വൈറൽ. യുഡിഎഫ് പദയാത്രയിലാണ് പോർവിളിയും കൈയാങ്കളിയുമുണ്ടായത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രവർത്തകർ തമ്മിലുള്ള തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിച്ചു.

സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ നേത്യത്വത്തിൽ മണ്ഡല പദയാത്രകൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ യുഡിഎഫ് പദയാത്ര നടത്തിയത്. ആലുംകടവ് ഭാഗത്തായിരുന്നു പദയാത്രയുടെ സ്വീകരണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ യാത്ര ആലുംകടവിലേയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ അടി തുടങ്ങി.

മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കവും പ്രാദേശികമായ മറ്റുചില വിഷയങ്ങളുമായിരുന്നു തർക്കത്തിന് കാരണം. പദയാത്ര സ്വീകരണകേന്ദ്രത്തിലേയ്ക്ക് എത്തിയപ്പോഴും ഉന്തും തള്ളും പോർവിളികളും തുടരുകയായിരുന്നു. ഇതിനിടയിൽ മണ്ഡലം കോൺഗ്രസ് നേതാക്കൾ തമ്മിൽ ജാതീയമായ അധിക്ഷേപങ്ങളും ഉണ്ടായി. തുടർന്ന് തർക്കം കാരണം പദയാത്രയുടെ സ്വീകരണം പൂർത്തിയാക്കാതെ നിർത്തുകയായിരുന്നു. ഇക്കാര്യം കൊല്ലം ഡിസിസി പരിശോധിക്കും.