തിരുവനന്തപുരം:ഫീസ് മുടക്കി പഠിക്കേണ്ട കോഴ്‌സുകളിൽ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിൽ ചേരാൻ വിദ്യാർത്ഥികളില്ല. ഇതേ തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്വാശ്രയ കോളേജുകളിൽ ബിരുദ,ബിരുദാനന്തര കോഴ്സുകളിൽ പകുതിയോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.സ്വാശ്രയകോളേജുകളിലെ ബിരുദകോഴ്സുകളിൽ ആകെയുള്ള 45,798 സീറ്റുകളിൽ 24,434-ലും ആളില്ലാത്ത് അവസ്ഥയാണ്.

ബി.എ., ബി.എസ്സി., ബി.കോം. കോഴ്സുകൾ മാത്രമെടുത്താൽ സ്വാശ്രയ കോളേജുകളിൽ ആകെയുള്ളത് 33,280 സീറ്റാണ്.അതിൽ 19,726 സീറ്റുകളിൽ ചേരാൻ വിദ്യാർത്ഥികളില്ലാത്ത അവസ്ഥയാണ് നിലവിൽ.പി.ജി.ക്ക് സ്വാശ്രയകോളേജുകളിൽ ആകെ 20968 സീറ്റുള്ളതിൽ ഒഴിഞ്ഞുകിടക്കുന്നത് 16,833 എണ്ണമാണ്.എം.എ., എം.എസ്സി., എം.കോം. കോഴ്സുകളിലായി ആകെയുള്ള 8,450 സീറ്റുകളിൽ 5,010-ലും വിദ്യാർത്ഥികളില്ല.മാനേജ്മെന്റ് സീറ്റുകളിലും മെറിറ്റ് സീറ്റുകളിലും സ്ഥിതി സമാനമാണ്.

ഉൾപ്രദേശങ്ങളിലെ കോളേജുകളിലാണ് കോഴ്‌സുകളിൽ ചേരാൻ വിദ്യാർത്ഥികൾ ഏറ്റവുമധികം വിമുഖത കാട്ടുന്നത്.നഗരപ്രദേശങ്ങളിലെ കോളേജുകളിൽ പഠിക്കാൻ കുട്ടികളെത്തുന്നുണ്ട്.കാലാനുസൃതമല്ലാത്ത കോഴ്‌സുകളും കോളേജുകളും അനുവദിക്കുന്ന സർക്കാർ സമീപനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.ബി.കോമും ഹ്യൂമാനിറ്റീസ് വിഷയങ്ങളുമാണ് കുട്ടികൾ ഇപ്പോഴും കൂടുതലായി തിരഞ്ഞെടുക്കുന്നത്.എന്നാൽ ഈ കോഴ്‌സുകൾ പഠിക്കാനായി വൻതുക ഫീസ് മുടക്കാനുള്ളവർ നാടുവിട്ട് പുറത്തുപോയി പഠിക്കുകയുമാണ് ചെയ്യുന്നത്.

അതേ സമയം കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനശൈലിയാണ് കുട്ടികളെ പിന്തിരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പറഞ്ഞു. കാലപ്പഴക്കം ചെന്ന സിലബസ്, കോഴ്സുകൾ നീണ്ടുപോകുന്നത്, പരീക്ഷാഫലം വൈകുന്നത്, ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടുന്നതിലെ താമസം എന്നിവയെല്ലാം കേറളത്തിലെ സർവകലാശാലകളെ ഒഴിവാക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണെന്നും ശശികുമാർ പറയുന്നു.

എന്നാൽ എയ്ഡഡ് കോളേജുകളിലേക്ക് വന്നാൽ സ്ഥിതി ഭേദമാണ്.ബിരുദകോഴ്സുകളിൽ ആകെയുള്ള സീറ്റുകൾ 16806. ഒഴിഞ്ഞുകിടക്കുന്നത് 4305 (25 ശതമാനം). ബി.എ., ബി.എസ്സി., ബി.കോം. കോഴ്സുകൾക്ക് ആകെയുള്ള 15996 സീറ്റുകളിൽ 4223 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
പുതിയ പി.ജി. കോഴ്സുകൾ ഉൾപ്പെടെയുള്ളവയിൽ എയ്ഡഡ് സീറ്റുകൾ 4603. ഒഴിവുള്ളത് 1076. പരമ്പരാഗത എം.എ., എം.എസ്.സി., എം.കോം. കോഴ്സുകളിൽ 3793 സീറ്റുകളിൽ 292-ൽ മാത്രമാണ് പഠിക്കാൻ ആളില്ലാത്തത്. ഒഴിഞ്ഞു കിടക്കുന്നതിലേറെയും കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ടയിലാണ്.