പാലക്കാട്; അജ്ഞാത കോളുകൾ കൊണ്ട് പൊറുതിമുട്ടി മൊബൈലിന്റെ സിം ഉപേക്ഷിക്കാനൊരുങ്ങുകയാണ് ചെർപ്പുളശ്ശരിയിലെ ഒരു വീട്ടമ്മ. നെല്ലായ എഴുവന്തലയിലെ ചീനിയപ്പറ്റ വത്സലഅമ്മയുടെ ഫോൺ കഴിഞ്ഞ മൂന്നിനു തുടങ്ങിയ ബെല്ലടിയാണ്.അതും എല്ലാ കോളുകളും വരുന്നത് അജ്ഞാത നമ്പരുകളിൽ നിന്നും.നാലു ദിവസത്തിനിടെ 67 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വന്നത് ഏഴായിരത്തിലേറെ അജ്ഞാത കോളുകളാണ്.

കോൾ എടുത്താൽ ഹിന്ദിയിലാണ് മറുതലയ്ക്കൽ നിന്നുള്ള സംസാരമെന്ന് വീട്ടമ്മ പറയുന്നു.എന്തെങ്കിലും തിരികെ പറയുമ്പോഴേക്കും കോൾ കട്ടാകും.പല നമ്പരുകളിൽനിന്നാണ് വിളി വരുന്നത്.മകൻ രാജേഷിന്റെ പരാതിയെ തുടർന്ന് ഇന്നലെ പൊലീസ് പല നമ്പരുകളിലേക്കും തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലെന്നാണ് വീട്ടമ്മ പറയുന്നത്.സിം മാറ്റി ഉപയോഗിച്ചോളൂ എന്നാണ് പൊലീസ് പറയുന്നത്.വിമുക്തഭടൻ പരേതനായ രാമൻ എഴുത്തച്ഛന്റെ ഭാര്യയാണ് വത്സലഅമ്മ. കാലങ്ങളായി ഈ സിം ആണ് ഉപയോഗിക്കുന്നത്.അജ്ഞാതരുടെ ശല്യം വർദ്ദിച്ചതോടെ ഇപ്പോൾ മിക്ക സമയങ്ങളിലും ഫോൺ ഓഫ് ചെയ്ത് വെക്കുകയാണ് ഇവർ ചെയ്യുന്നത്.