തിരുവനന്തപുരം: മാധ്യമങ്ങളെ വിലക്കിയ ഗവർണർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ വിലക്ക് ജനാധിപത്യ ഭാരതത്തിന് അപമാനകരമായ കാര്യമാണ്. ജനങ്ങളെ കാര്യങ്ങൾ അറിയിക്കാനുള്ള വലിയ പങ്ക് മാധ്യമങ്ങൾക്കുണ്ട്. മാധ്യമ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണ്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് ജനാധിപത്യം നിഷേധിക്കപ്പെടുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ചില മാധ്യമങ്ങളെ മാത്രം പുറത്താക്കുന്ന ഗവർണറുടെ നടപടി ബാലിശമാണ്. ഗവർണർ കുറേ ദിവസങ്ങളായി നടത്തുന്ന പരാമർശങ്ങൾ പദവിക്ക് ചേർന്നതല്ല. ഗവർണർ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടുണ്ട്. അഞ്ച് പാർട്ടികൾ മാറിയ ഗവർണർ പൊളിറ്റിക്കൽ ഇന്റഗ്രിറ്റി പഠിപ്പിക്കാൻ വരേണ്ടെന്നാണ് അന്ന് താൻ നൽകിയ മറുപടിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.