ആലപ്പുഴ: ശശി തരൂർ നടത്തുന്ന മലബാർ പര്യടനം കോൺഗ്രസ് നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിനിടെ ഈ വിഷയത്തിൽ പ്രതികരിക്കാതെ ഒളിച്ചകളിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത്. തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് മറുപടി നൽകുമെന്നാണ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്.

സംഘടനാപരമായ വിഷയമായതിനാൽ അഭിപ്രായം പറയേണ്ടത് താൻ അല്ല. കെപിസിസി പ്രസിഡന്റ് പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. എല്ലാവരും തമ്മിൽ ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം പറയുന്നത്. പാർട്ടിക്കൊരു സംവിധാനമുണ്ട്, എല്ലാവരും കയറി അഭിപ്രായം പറയേണ്ടതില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലം കോൺഗ്രസിന്റെ നേതൃയോഗത്തിന് ചെങ്ങന്നൂരിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രിയ വർഗീസിന്റെ നിയമനം നടന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് തന്നെയാണ്. ഇത് ഗവർണറേക്കാൾ മുമ്പ് പ്രതിപക്ഷം ഉന്നയിച്ചതാണ്. മുഖ്യമന്ത്രിക്ക് അതിൽ പൂർണ്ണമായ ഉത്തരവാദിത്വം ഉണ്ട്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാ നിയമനങ്ങളും നടക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയെ ഞങ്ങൾ ഒന്നും പറയാത്തത്. ആദ്യ കാലങ്ങളിൽ എല്ലാ സർവകലാശാല നിയമനങ്ങളിലും മുഖ്യമന്ത്രിക്ക് ഗവർണറും കൂട്ടു നിന്നു. അവർ ഒരുമിച്ചായിരുന്നു. ഇപ്പോൾ ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കി എന്നാരോപിച്ച് രാജ് ഭവന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. യഥാർത്ഥത്തിൽ അത് ചെയ്തത് ഗവർണറും മുഖ്യമന്ത്രിയും കൂടി ഒരുമിച്ചാണ്,' സതീശൻ പറഞ്ഞു.

വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നു. അപ്പോഴാണ് സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നത്. എല്ലാറ്റിനും മറുപടി പറയേണ്ടവർ മിണ്ടുന്നില്ല, മുഖ്യമന്ത്രി മൗനം വെടിയണം. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഗവർണറെക്കൊണ്ട് ചെയ്യിക്കുമ്പോൾ തിരിച്ചു ഗവർണറും ചെയ്യിക്കുന്നു. പേർസണൽ സ്റ്റാഫുകളുടെ നിയമനം ഗവർണർ രാജ് ഭവനിലും നടത്തിയിട്ടുണ്ട്. സർക്കാരും - ഗവർണറും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ ഭാഗമാണ് ഇത്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്ത് നൽകിയതിന് ഗവർണർക്ക് സർക്കാർ നൽകിയ അനുകൂല്യമാണ് ഇതെന്നും സതീശൻ ആരോപിച്ചു.