- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ തോന്നിയ പോലെ പണം ചെലവാക്കുന്നു; ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു, വിദേശയാത്രകൾ നടത്തുന്നു, എന്നാൽ വരുമാനം വർധിക്കുന്നുമില്ല; ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നത്; പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും: വി ഡി സതീശൻ
തിരുവനന്തപും: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ സർക്കാർ തോന്നിയ പോലെ പണം ചെലവഴിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കേരളം പോവുകയാണെന്നും സതീശൻ ആരോപിച്ചു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നും എന്നന്നേക്കുമായി സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയുള്ള സമരപരിപാടികൾ യുഡിഎഫ് ആസൂത്രണം ചെയ്യുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. 'ധനകാര്യ വകുപ്പിന്റെ സർക്കുലർ ലംഘിച്ചാണ് വകുപ്പുകൾ പണം ചെലവഴിക്കുന്നത്. വിവിധ വകുപ്പുകൾ തോന്നിയ പോലെ പണം ചെലവാക്കുകയാണ്. പ്രയാസം ഉണ്ടാകുന്ന ഘട്ടത്തിൽ നിയന്ത്രണം വേണം. എന്നാൽ അനാവശ്യ ചെലവുകൾ വർധിക്കുകയാണ്. ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നു, വിദേശയാത്രകൾ നടത്തുന്നു, എന്നാൽ വരുമാനം വർധിക്കുന്നുമില്ല. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്', പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ജിഎസ്ടിക്ക് അനുയോജ്യമായി നികുതി സംവിധാനം മാറ്റി. എന്നാൽ വാറ്റിലെ സംവിധാനമാണ് കേരളം ഇപ്പോഴും തുടരുന്നത്. ഇത് മാറ്റണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പായില്ലെന്നും സതീശൻ വിമർശിച്ചു. സർക്കാരിന്റെയും എൽഡിഎഫിന്റെ ഏറ്റവും വലിയ ഉറപ്പായിരുന്നു സാമൂഹ്യസുരക്ഷാ പെൻഷൻ വൈകില്ല എന്നത്. എന്നാൽ ബാങ്കിൽ ഈ തുക കൊണ്ടുപോയി കൊടുക്കുന്നയാൾക്ക് ഒരു വർഷമായി ശമ്പളമില്ല. തളർന്നുകിടക്കുന്ന ആളെ നോക്കുന്നവർക്കായി ഒരു പദ്ധതിയുണ്ട്, അവർക്ക് പണം നൽകിയിട്ട് ആറ് മാസമായി. എന്നിട്ടാണ് സർക്കാരിന്റെ ഈ ആർഭാടം.
കൂട്ടിക്കലിൽ ദുരന്തമുണ്ടായ സ്ഥലത്തും നിലമ്പൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തും ഒരാൾക്കു പോലും വീട് നിർമ്മിച്ച് നൽകിയിട്ടില്ല. പരിതാപകരമായ അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കയ്യിൽ പണമില്ലെന്നത് മറച്ചു വച്ചാണ് സർക്കാരിന്റെ നടപടികളെന്നും വി ഡി സതീശൻ വിമർശിച്ചു. 'ഗവർണറും സർക്കാരും ഒരുമിച്ചാണ്. അതിന്റെ രാഷ്ട്രീയം മനസിലാക്കണം. ഇതുവരെയുള്ള എല്ലാ തെറ്റുകളും ചെയ്തത് ഇരുവിഭാഗങ്ങളും ഒരുമിച്ചാണ്. അവർ കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവർ തമ്മിൽ അകന്നു എന്ന് കരുതി ഒരുമിച്ച് ചെയ്ത തെറ്റുകൾ ഇല്ലാതാകില്ല', സതീശൻ കൂട്ടിച്ചേർത്തു.




