കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തള്ളി മന്ത്രി വി ശിവൻകുട്ടി. എല്ലാവരും വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം നടത്താറുള്ളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റ്. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കുടുംബ സമേതമുള്ള രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ പിന്നെ പകരം ആളെന്തിനെന്ന ചോദ്യമുയർത്തിയാണ് സിപിഎം വിവാദങ്ങളെ നേരിടുന്നത്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം പറയുന്നു.

എന്നാൽ പ്രതിപക്ഷം എന്തിന് പോയി എങ്ങനെ പോയി തുടങ്ങി രാഷ്ട്രീയവും ഭരണപരവുമായ ചോദ്യങ്ങടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെ വിദേശ പര്യടനത്തെ നേരിടുന്നത്.