- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഗത കുറയ്ക്കും മുമ്പ് സൂചന ലൈറ്റ് ഇട്ടില്ല; യാത്രക്കാരനെ ഇറക്കുമ്പോൾ ബസ് ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയില്ല; വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പിഴവെന്ന് റിപ്പോർട്ട്
പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പിഴവുണ്ടായെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലാണ് കെഎസ്ആർടിസി ഡ്രൈവറുടെ പിഴവും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി യാത്രക്കാരനെ ഇറക്കിയിരുന്നു. യാത്രക്കാരനെ ഇറക്കാൻ കെഎസ്ആർടിസി വേഗം കുറച്ചെങ്കിലും സിഗ്‌നൽ ഉപയോഗിച്ചിരുന്നില്ല. അപകടസമയത്ത് കെഎസ്ആർടിസിയുടെ വേഗം 10 കിലോമീറ്ററായിരുന്നു. ടൂറിസ്റ്റ് ബസിന്റെത് 97 കിലോമീറ്ററും. യാത്രക്കാരനെ ഇറക്കാൻ കെഎസ്ആർടിസി വേഗം കുറച്ചപ്പോൾ അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ 48 പേജുള്ള ആർടിഒയുടെ അന്തിമ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് വടക്കഞ്ചേരി അപകടത്തിന്റെ പ്രധാന കാരണമായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തതും അപകടത്തിന് കാരണമായി.
വേഗത കുറയ്ക്കും മുമ്പ് കെഎസ്ആർടിസി സൂചന ലൈറ്റ് ഇട്ടില്ല. യാത്രക്കാരനെ ഇറക്കുമ്പോൾ ബസ് ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയതുമില്ല. വളവുകളിൽ വണ്ടി നിർത്തരുതെന്ന നിയമവും കെഎസ്ആർടിസി ലംഘിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.




